കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം; യുവാവിന് പിഴ ചുമത്തി പൊലീസ്

ഹമിര്‍പൂര്‍: കാര്‍ ഓടിച്ച യുവാവിന് പൊലീസ് ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴ. ഉത്തര്‍ പ്രദേശ് പൊലീസാണ് ഈ വിചിത്ര പിഴയുടെ പിന്നിലെ സൂത്രധാരന്മാര്‍. പിഴയ്ക്ക് കാരണമായ സംഭവം നടന്നത് കഴിഞ്ഞ നവംബറിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് പ്രശാന്ത് തിവാരിയെന്ന യുവാവിന് അറിയിപ്പ് കിട്ടിയത്. അഞ്ഞൂറ് രൂപയാണ് പിഴത്തുക.

മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പൊലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വിചിത്ര നടപടിക്കെതിരെ യുവാവ് ചോദ്യവുമായി രംഗത്തെത്തി. നാലുചക്രവാഹനം സാധാരണ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവിന്റെ ചോദ്യം.

സമാന സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ പതിവാണെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കുറച്ച് ദിവസം മുന്‍പ് കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് മറ്റൊരു യുവാവിന് പിഴയിട്ടിരുന്നു. തുടര്‍ന്ന് യുവാവ് കാറിനുള്ളില്‍ ഹെല്‍മെറ്റ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് കൂടാതെ സീറ്റ് ബെല്‍ട്ട് ധരിക്കാതിരുന്ന ഓട്ടോ ഡ്രൈവര്‍ക്കും പൊലീസ് പിഴ ചുമത്തിയിരുന്നു.

Top