തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ്. പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ നേരത്തെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നതു നിർത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.