ഡല്‍ഹിയിലെ വായുനില ഗുരുതരം, രോഗികളുടെ എണ്ണം കൂടി

ന്യൂഡല്‍ഹി: വായുനില മോശമാകുന്നതോടെ ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം രാജ്യ തലസ്ഥാനത്തു വര്‍ധിച്ചതായി ആരോഗ്യവിദഗ്ധര്‍.

നഗരത്തിലെ വായുനില ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 10, 2.5 എന്നിവയുടെ നിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. ശ്വാസകോശ അനുബന്ധ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയെത്തുന്നവര്‍ വര്‍ധിച്ചുവെന്നു വസന്ത് കുഞ്ച് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. നിഖില്‍ ബാന്തെ പറഞ്ഞു.

ദീപാവലിക്കു ശേഷം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 20-30 ശതമാനം പേര്‍ വര്‍ധിച്ചുവെന്നാണു വിവരം. മോശം വായുനില ശ്വാസതടസ്സം, തലവേദന, ഉറക്കമില്ലായ്മ, കണ്ണിന് അസ്വസ്ഥത, ഛര്‍ദി, വയറുവേദന തുടങ്ങിയ പല പ്രശ്‌നങ്ങളും പലര്‍ക്കും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നു ആകാശ് ഹെല്‍ത്ത് കെയറിലെ ഡോ. അക്ഷയ് ബുദ്ധ്രാജ പറഞ്ഞു.

ദീപാവലി ആഘോഷത്തിന് വിലക്കുകള്‍ മറികടന്ന് പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ വയലുകളില്‍ തീയിടുന്നതുമാണ് ഡല്‍ഹിയുടെ ശ്വാസം മുട്ടിക്കുന്നത്. ഡല്‍ഹിയുടെ അവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. DelhiPollution എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയി. ദിവസവും നിരവധി സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമാണ് ഡല്‍ഹിയുടെ വായു ശ്വസിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വായുമലിനീകരണം രൂക്ഷമായതോടെ നൂറുകണക്കിന് ആളുകള്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ പോയിത്തുടങ്ങി. നൈനിത്താള്‍, മസൂറി, അല്‍മോറ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്‍ നിറഞ്ഞു.

ജലമലിനീകരണം മൂലം യമുന നദിയില്‍ നിറഞ്ഞ വെള്ളനിറത്തിലുള്ള പത നീക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടി തുടങ്ങി. പത നീക്കാന്‍ തൊഴിലാളികളുമായി 15 ബോട്ടുകള്‍ നദിയില്‍ വിന്യസിച്ചു. ഇതോടൊപ്പം ജലടാങ്കറുകളില്‍നിന്നു നദിയിലേക്കു വെള്ളം ചീറ്റിച്ചും പത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്.

മുളവേലികള്‍ ഉപയോഗിച്ചു തടഞ്ഞുനിര്‍ത്തി വെള്ളപ്പത ഘാട്ടുകളിലേക്ക് എത്താതിരിക്കാനും നടപടിയെടുത്തു. ഛഠ് പൂജ കഴിഞ്ഞാല്‍ മുളവേലികള്‍ നദിയില്‍നിന്നു മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Top