തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷത്തിന്‍റെ വരവ് വൈകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി രൂപം കൊളളുന്ന ന്യൂനമര്‍ദ്ദങ്ങളാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തുലാവര്‍ഷം അടുത്ത മാസം ആദ്യം കേരളത്തില്‍ എത്തുമെന്നാണ് നിലവിലെ സാഹചര്യം അനുസരിച്ചുള്ള വിലിയരുത്തല്‍.
സെപ്റ്റംബര്‍ 28 മുതല്‍ ഉത്തരേന്ത്യയിൽ നിന്ന് കാവര്‍ഷത്തിന്‍റെ പിന്‍മാറ്റം തുടങ്ങിയിരുന്നു. എന്നാല്‍ ലാലീന പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുകയാണ്. ഒഡീസ ആന്ധ്ര തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂമര്‍ദ്ദമായേക്കും. തുലാവര്‍ഷത്തിന്‍റെ വരവിന് നിര്‍ണ്ണായകമാകുന്ന കഴിക്കന്‍ കാറ്റിന്‍റെ ദിശമാറ്റം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന.
സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുന്ന കാലവര്‍ഷം ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍വാങ്ങുകയും തുലാവര്‍ഷം എത്തുകയുമായിരുന്നു പതിവ്. അതേസമയം സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയില്‍ ഇതുവരെ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.