ദോഹ: ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വാറ്റ് കാല്‍ക്കുലേറ്ററും, നികുതി രജിസ്‌ട്രേഷന്‍ നമ്പര്‍ വെരിഫിക്കേഷന്‍ സേവനവും ആരംഭിച്ചതായി അധികൃതര്‍. ഉല്‍പന്നത്തിനോ സേവനത്തിനോ ഉള്ള വാറ്റ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതായിരിക്കും ഓണ്‍ലൈന്‍ വാറ്റ് കാല്‍ക്കുലേറ്റര്‍.
നികുതി രജിസ്‌ട്രേഷന്‍ നമ്പര്‍ വെരിഫിക്കേഷന്‍ സേവനത്തിലൂടെ വ്യാപാരികളും സേവനദാതാക്കളും യഥാര്‍ത്ഥത്തില്‍ വാറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവരാണോയെന്ന് പരിശോധിച്ച് അറിയാന്‍ സാധിക്കും. സുതാര്യത ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക, എന്നീ ലക്ഷ്യങ്ങളോടെ ചൊവ്വാഴ്ചയാണ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വാറ്റ് കാല്‍ക്കുലേറ്ററും നികുതി രജിസ്‌ട്രേഷന്‍ നമ്പര്‍ (ടി.ആര്‍.എന്‍) വെരിഫിക്കേഷന്‍ സേവനവും ആരംഭിച്ചത്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിലയില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കുന്നതിനും അതോറിറ്റി നടത്തുന്ന പ്രയത്‌നങ്ങളുടെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.