അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവടയില്‍

മൂന്നാര്‍: മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ടുകാരുടെ കുത്തേറ്റു മരിച്ച എം. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്നു വട്ടവടയില്‍ നടക്കും. വട്ടവട ഊര്‍ക്കാട് കെഇ ഹൈസ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കുന്ന പ്രത്യേക പന്തലില്‍ ഇന്നു 11 നാണ് മുഹൂര്‍ത്തം. വട്ടവട കീഴ്വീട് പരേതനായ കര്‍ണന്‍കൃഷ്ണവേണി ദമ്പതികളുടെ മകന്‍ മധുസൂദനന്‍ ആണ് വരന്‍. മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തും.

സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വിവാഹക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. നേരത്തെ കൊട്ടാക്കമ്പൂരിലെ റിസോര്‍ട്ടില്‍ വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍, വിഐപികളടക്കം ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നതിനാല്‍ ചടങ്ങും വിരുന്ന് സത്ക്കാരവും വട്ടവട ഊര്‍ക്കാടുള്ള കുര്യാക്കോസ് ഏലിയാസ് ഹൈസ്‌കൂള്‍ മൈതാനത്തേക്ക് മാറ്റി.

അഭിമന്യുവിന്റെ കുടുംബത്തിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്ഥലം വാങ്ങി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ പണികള്‍ പുരോഗമിക്കുകയാണ്. അഭിമന്യുവിന്റെ സ്മരണാര്‍ഥം പഞ്ചായത്ത് സ്ഥാപിക്കുന്ന പുസ്തകശാലയിലേക്കുള്ള ഗ്രന്ഥങ്ങളുടെ ശേഖരണവും നടക്കുന്നു.

ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ.നേതാവും മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കോളേജില്‍െവച്ചു കുത്തേറ്റ് കൊല്ലപ്പെട്ടത്.

Top