പാലക്കാട്: തമിഴ്നാട്ടിലെ മരുതമലൈയില്‍ വിവാഹ ഷൂട്ടിങ്ങിന് പോയ മലയാളി ക്യാമറാമാനും സംഘത്തിനുമെതിരെ സോഷ്യല്‍മീഡിയയില്‍ തീവ്രവാദികളെന്ന് വ്യാജ പ്രചരണം നടത്തിയ സംവത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് മാട്ടായ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷംനാദിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വെള്ളേപ്പം എന്ന മലയാള ചിത്രത്തില്‍ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമെതിരെ ഈ മാസം എട്ടാം തിയതി മുതല്‍ സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടക്കുന്നുവെന്നാണ് പരാതി.
തമിഴ്നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ ഇവരുടെ ചിത്രങ്ങളെടുത്ത് ‘മോദി രാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ഇടുകയായിരുന്നു. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നു. ഇന്ന് ഒരു വാഹനം അവിടെ കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ടവരാണെന്നുമായിരുന്നു പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിനൊപ്പം കാറിന്റെ നമ്പറും ചേര്‍ത്തിരുന്നു.
ഷിഹാബിനൊപ്പമുണ്ടായിരുന്ന ഷംനാദ് എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ സഹിതമാണ് വ്യാജപ്രചരണമെന്നാണ് പരാതിയില്‍ പറയുന്നത്. യാത്രക്കിടെ മരുതമലൈ ക്ഷേത്രത്തിന് സമീപം കാര്‍ നിര്‍ത്തി വെള്ളം കുടിക്കാനിറങ്ങി. അവിടെ നിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് ഷംനാദ് പറയുന്നത്. തമിഴ്നാട് സ്പെഷ്യല്‍ബ്രാഞ്ചില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണത്തെകുറിച്ച് ഷംനാദ് അറിയുന്നത്. പോസ്റ്റിന് ചുവടെ അവര്‍ തീവ്രവാദികളായിരിക്കുമെന്നും എന്‍ ഐ എ ടാഗ് ചെയ്യൂ തുടങ്ങിയ കമന്റുകളെത്തിയിരുന്നു. ഇതോടെയാണ് ജീവന് ഭീഷണിയുണ്ടെന്ന്കാണിച്ച് ഷംനാദ് പാലക്കാട് തൃത്താല പൊലീസില്‍ പരാതി നല്‍കിയത്.