കൗമാരക്കാർ മയക്കുമരുന്ന് വലയത്തിൽ . . . ലഹരിയെ പ്രണയിക്കുന്ന പുതിയ തലമുറ !

drugs

കൊച്ചി: കേരളത്തിലെ കൗമാരക്കാരില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായി എക്‌സൈസ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് കോഴിക്കോടു നിന്ന് മൂന്നു വിദ്യാര്‍ത്ഥികളെ വഴിയരികില്‍ ബോധരഹിതരായി കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടര്‍ന്ന് അവശനിലയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. അവര്‍ എന്തു തരം മദ്യമാണ് കഴിച്ചതെന്നോ ആരാണോ നല്‍കിയതെന്നോ ഇതുവരെ പൊലീസിന് വ്യക്തമായിട്ടില്ല. പത്താം തരത്തിലെ ക്ലാസുകള്‍ കഴിഞ്ഞതിന്റെ ആഘോഷമാണ് കോഴിക്കോട് റോഡരികില്‍ കണ്ടത്.

അതേസമയം, കഴിഞ്ഞ മാസം കൊച്ചി നെട്ടൂരിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ആനന്ദ് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ആനന്ദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കുട്ടി മയക്കു മരുന്നു കഴിച്ചിരുന്നെന്നാണ്.

ഇന്നിത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ല. പ്രത്യേകിച്ച്, കൗമാരക്കാരില്‍, അവര്‍ പെട്ടെന്നാണ് മയക്കു മരുന്നിന് അടിമയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മയക്കുമരുന്നു കിട്ടാതാകുമ്പോള്‍ ഉള്ള വിഭ്രാന്തിയോ, കഴിച്ചു കഴിയുമ്പോഴുള്ള മാനസിക അവസ്ഥയോയാണ് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്ന തന്റെ മകനെ മയക്കു മരുന്നില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരമ്മ കഴിഞ്ഞ ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തന്റെ മകന്‍ മാനസിക വിഭ്രാന്തിയില്‍ തന്നെ കൊല്ലുമെന്ന ഭയം ആ അമ്മയെ വല്ലാതെ അലട്ടുന്നുണ്ട്.

ഒരിക്കല്‍ പെട്ടുപോയാല്‍ പഴയ ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തുക എന്നത് അസാധ്യമാണെന്നാണ് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഭവനിലെ പ്രിന്‍സ് അഗസ്തിന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് നാള്‍ മുമ്പ് ഇവിടെ ചികിത്സയ്‌ക്കെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ഥി ഇപ്പോഴും മയക്കു മരുന്നു വേണമെന്ന വാശിയിലാണ്. അവന്‍ പുറത്തിറങ്ങിയാല്‍ വീണ്ടും മയക്കു മരുന്നു ഉപയോഗിക്കുമെന്നാണ് പറയുന്നത്. ചികിത്സ കഴിയുന്ന പലരിലും ഡിപ്രഷനും കാണപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സമ്മര്‍ദ്ദവും, സാഹസികതയും, സുഹൃത്തുക്കളുടെ പരിഹാസവുമൊക്കെയാണ് പലപ്പോഴും യുവാക്കളെ മയക്കുമരുന്നിന്റെ വഴിയിലേക്ക് തള്ളി വിടുന്നത്. കൂടുതലും 15 മുതല്‍ 21 വയസുവരെയുള്ള കൗമാരക്കാരിലാണ് മയക്കു മരുന്നു ഉപയോഗം വര്‍ധിക്കുന്നത്. പലപ്പോഴും മയക്കുമരുന്നു ഉപയോഗിക്കുമ്പോഴോ, കടത്തുമ്പോഴോ പിടിയിലാകുന്ന ഇവര്‍ക്ക് ജുവനൈല്‍ കൗണ്‍സിലിങ്ങ് നടത്താനാണ് കൊച്ചി, എക്‌സൈസ് വകുപ്പിന്റെ തീരുമാനം.

അതേസമയം മയക്കു മരുന്നു ഉപയോഗിച്ച് തുടങ്ങുന്ന യുവ തലമുറയെ മാതാപിതാക്കളില്‍ നിന്ന് അകലാനും, പറ്റു പല ബന്ധങ്ങളില്‍ ഏര്‍പ്പെടാനും, മറ്റുളളവരെ ശാരീരികമായി ഉപദ്രവിക്കാനും മുതിരുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതലും മയക്കുമരുന്നിന് അടിമയാകുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കു മരുന്നു കിട്ടാതാകുമ്പോള്‍ പിടിച്ചു പറിക്കും മോഷണത്തിലേക്കും യുവാക്കളെ എത്തിക്കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.സി നെല്‍സണ്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ പുതുച്ചേരിയിലേക്ക് പോകുന്ന വിദ്യാര്‍ഥിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത് നൈട്രസെപാം എന്ന മരുന്നുകളാണ്. മരുന്നു കിട്ടാതാകുമ്പോള്‍ ഇവര്‍ മാനസീക രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്. മയക്കു മരുന്നു കടത്താന്‍ നല്ല സൂപ്പര്‍ ബൈക്കുകളും, വില കൂടിയ മൊബൈല്‍ ഫോണുകളുമാണ് ഏജന്റുമാര്‍ ഇവര്‍ക്ക് നല്‍കുന്നത്.

മെട്രോ സിറ്റിയില്‍ താമസിക്കുന്നവരും, ബാംഗ്ലൂരില്‍ പഠിക്കുന്നവരുമായ പല വിദ്യാര്‍ഥികളും സ്ഥിരമായി മയക്കുമരുന്നു വാങ്ങാന്‍ സേലം, കുംഭം എന്നിവിടങ്ങളില്‍ എത്താറുണ്ടെന്ന് മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ് പറഞ്ഞു. കഴിഞ്ഞ മാസം കുമളിയില്‍ നിന്ന് 11 കോടിയോളം വിലമതിക്കുന്ന ഹാഷിഷുമായി ഒരു യുവാവിനെ പിടികൂടിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

വില്‍പ്പന നടത്തുന്നവരില്‍ പലരും കുടുംബ പ്രാരാബ്ധങ്ങളുള്ളവരാണ്. അത്‌കൊണ്ടു തന്നെ എളുപ്പം പണമുണ്ടാക്കുക എന്ന മാര്‍ഗ്ഗത്തിലേക്കാണ് യുവാക്കള്‍ ശ്രമിക്കുന്നതെന്നും സുനില്‍ രാജ് പറഞ്ഞു.

റിപ്പോര്‍ട്ട് : സുമി പ്രവീണ്‍

Top