ന്യൂഡല്‍ഹി: അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുന്നതിനു മുന്‍പ് ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കിയ 20 എം.എല്‍.എമാര്‍ക്കും അവരുടെ വാദങ്ങള്‍ വ്യക്തമാക്കാന്‍ നേരത്തെ യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ അനാവശ്യ പ്രതികരണങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
എം.എല്‍.എമാരില്‍ എട്ടു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി കമ്മീഷന്റെ വിശദീകരണം തേടിയത്. ഹര്‍ജിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ അയോഗ്യരാക്കപ്പെട്ട 20 നിയമസഭാ സീറ്റുകളില്‍ ഉപതിരഞെടുപ്പ് നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന് ഹര്‍ജിയില്‍ കോടതി അടുത്ത വാദം കേള്‍ക്കും.