വെസ്റ്റ്ലന്‍ഡ് കേസ്;മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കി,എന്‍ഫോഴ്‌സ്മെന്റിന് കോടതി നോട്ടീസ്

ന്യൂഡല്‍ഹി; അഗസ്റ്റ വെസ്റ്റലന്‍ഡ് കേസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്മെന്‍ഡ് ഡയറക്ടറേറ്റിനെതിരെ നോട്ടീസ് നല്‍കി പട്യാല ഹൗസ് പ്രത്യേക കോടതി. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഏതാനും ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ യുപി അധ്യക്ഷ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്റെയും പേരുകള്‍ പരാമര്‍ശിക്കുന്ന മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറ്റപത്രം കോടതി അംഗീകരിക്കും മുമ്പാണ് മാധ്യമങ്ങളില്‍ ഇത് വന്നത്.

മിഷേലിന്റെ ഹര്‍ജിയില്‍ കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. അതേസമയം കുറ്റപത്രത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ കണ്ട് ചോര്‍ത്തി നല്‍കിയത് ബിജെപിയുടെ തരം താണ രാഷ്ട്രീയക്കളിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

Top