പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ഭവാനിപൂരില്‍ മമതയുടെ ലീഡ് 25,000 കടന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിക്ക് ഭവാനിപൂരില്‍ വിജയം അനിവാര്യമാണ്.

ഭവാനിപൂരില്‍ ബിജെപിയുടെ പ്രിയങ്ക തീബ്രെവാളാണ് മമതയുടെ എതിരാളി. മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്.

രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍, സംസേര്‍ഗഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടര്‍മാരാണുള്ളത്.

 

Top