പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്ന് പ്രഖ്യാപിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്.

 രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. 21 റൗണ്ടുകൾ ആയാണ് വോട്ടെണ്ണൽ നടക്കുക. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രമേ മമതാ ബാനർജിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനാകൂ.

മമതയ്ക്ക് 50,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് തൃണമൂൽ കോൺഗ്രസിന്‍റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ജങ്കിപ്പൂർ, ഷംഷേർഗഞ്ച്, ഒഡിഷയിലെ പിപ്പ്ലി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെണ്ണൽ.

ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും  സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ്  മമതക്കെതിരെ ഭവാനിപ്പൂരിൽ ഗോദയിലിറങ്ങിയത്. തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. മമതയെ തോൽപ്പിക്കാൻ ആവും വിധമെല്ലാം ബിജെപി മണ്ഡലത്തിൽ ശ്രമിച്ചിട്ടുണ്ട്.

കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത ബാനർജി വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.

Top