കൊല്‍ക്കത്ത : ബംഗാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏഴില്‍ നാലു നഗരസഭകളും തൃണമൂല്‍ കോണ്‍ഗ്രസിന്. മൂന്ന് നഗരസഭകള്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) നേടി.
ബംഗാള്‍ സ്വന്തമാക്കാന്‍ ഇറങ്ങി തിരിച്ച ബിജെപിക്ക് ഏഴ് നഗരസഭകളില്‍ നിന്ന് മൂന്ന് സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇടതുപാര്‍ട്ടികള്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസ് നാലു സീറ്റിലും ജയിച്ചു. എന്നാല്‍, ഏറ്റവും വലിയ നഗരസഭയായ ഡാര്‍ജിലിങ്ങില്‍ വലിയ തിരിച്ചടിയാണ് തൃണമൂലിന് നേരിടേണ്ടി വന്നത്.
ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച വിജയിച്ച നഗരസഭകള്‍
* ഡാര്‍ജിലിങ് (32 സീറ്റ്): ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച 31, തൃണമൂല്‍ കോണ്‍ഗ്രസ് 1
* കുര്‍സേങ് (20 സീറ്റ്): ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച 17, തൃണമൂല്‍ കോണ്‍ഗ്രസ് 3
* കലിംപോങ് ( 23 സീറ്റ്): ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച 19, തൃണമൂല്‍ കോണ്‍ഗ്രസ് 2, മറ്റുള്ളവര്‍ 2
തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച നഗരസഭകള്‍
* മൃക്ക് (9 സീറ്റ്): തൃണമൂല്‍ കോണ്‍ഗ്രസ് 6, ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച 3
* ഡോംകല്‍( 21 സീറ്റ്): തൃണമൂല്‍ കോണ്‍ഗ്രസ് 18, ഇടതുപക്ഷം 2, കോണ്‍ഗ്രസ് 1
* പുജ്‌ലി(16 സീറ്റ്): തൃണമൂല്‍ കോണ്‍ഗ്രസ് 12, ബിജെപി 2, കോണ്‍ഗ്രസ് 1, മറ്റുള്ളവര്‍ 1
* റായ്ഗാന്‍ജ് (27 സീറ്റ്): തൃണമൂല്‍ കോണ്‍ഗ്രസ് 24, കോണ്‍ഗ്രസ് 2, ബിജെപി 1
ബംഗാളിലെ ജനങ്ങള്‍ മമത ബാനര്‍ജിയുടെ വികസന നയങ്ങള്‍ക്ക് വിശ്വാസമര്‍പ്പിച്ചുവെന്നതിന്റെ തെളിവാണ് നാലു നഗരസഭകളിലെ ജയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.
തുടര്‍ച്ചയായി പര്‍വതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്ന മമതയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണെന്ന് തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
എന്നാല്‍, പര്‍വതമേഖലകളിലെ നഗരസഭകളില്‍ വലിയ വിജയം നേടാന്‍ സാധിച്ചുവെന്ന് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച അവകാശപ്പെട്ടു. ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം തെളിയിക്കുന്നതാണ് പര്‍വതമേഖലകളിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും ജിജെഎം നേതാവ് പ്രതികരിച്ചു.
മൃക്ക് ചെറിയ നഗരസഭയാണെന്നും തോല്‍വി തിരിച്ചടിയല്ലെന്നുമാണ് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയുടെ വാദം.