കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന 62 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകള്‍ ഉള്‍പ്പെടെ 418 പേരാണ് മത്സര രംഗത്തുള്ളത്.
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ശശി പാഞ്ച, സാധന്‍ പാണ്ഡെ, ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, അഞ്ചാംവട്ടം മത്സരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എ മുഹമ്മദ് സൊഹ്‌റാബ്, സി.പി.എം എം.എല്‍.എ അനീസുറഹ്മാന്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നസ്‌റുല്‍ ഇസ് ലാം എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
അതേസമയം, മുര്‍ഷിദാബാദിലെ ദംഗലില്‍ സി.പി.എമ്മിന്റെ പോളിങ് ഏജന്റ് ബോംബേറില്‍ മരിച്ചു. നാദിയ ജില്ലയിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗായേസോര്‍ മണ്ഡലത്തില്‍ സി.പി.എംതൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സുരക്ഷ മുന്‍നിര്‍ത്തി വിവിധ പോളിങ് സ്റ്റേഷനുകളിലായി 75,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഏപ്രില്‍ 25, 30, മേയ് അഞ്ച് തീയതികളിലാണ് അടുത്ത മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക.