കൊല്‍ക്കത്ത: സാംസ്‌കാരിക, പൈതൃക സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ ഉത്തരവ്. യോഗ്യതയുള്ള അധികാരികള്‍ ഇത് നിരീക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും ചെയ്യുമെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.ഓരോ സ്ഥാപനങ്ങളും അവരുടേതായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ സുരക്ഷാ പാക്കേജ് നിര്‍ദേശിക്കുമെന്നും ഗവര്‍ണര്‍ ആനന്ദ ബോസ് പറഞ്ഞു. അടുത്തിടെയുണ്ടായ ബോംബ് ഭീഷണി സംബന്ധിച്ച് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം ശനിയാഴ്ച ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്ഭവന്‍ ഇത്തരത്തിലുള്ള നിര്‍ദേശം വെച്ചത്.
മ്യൂസിയത്തില്‍ ജനുവരി ആറിന് വന്ന ബോംബ് ഭീഷണി ഇമെയില്‍ ‘വ്യാജമാണ്’ എന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും കൊല്‍ക്കത്ത പൊലീസിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഉചിതമായ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യൂസിയത്തിന്റെ സുരക്ഷ ഗൗരവമേറിയ കാര്യമാണെന്നും ഒരു തരത്തിലുള്ള കടന്ന് കയറ്റവും അനുവദിക്കില്ലെന്നും മ്യൂസിയത്തിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഗവര്‍ണര്‍ ആനന്ദ ബോസ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.