പശ്ചിമ ബംഗാളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറച്ചു

mamathanewone

കൊല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്നതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇന്ന് ഒഡീഷ സര്‍ക്കാരും പെട്രോളിന് ഒരു രൂപ കുറച്ചിരുന്നു.

ആന്ധ്രാ പ്രദേശ് ഡീസലിന് രണ്ട് രൂപ കുറയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും നികുതിയില്‍ നാല് ശതമാനം കുറവു വരുത്തി ഇന്ധന വിലയില്‍ ലിറ്ററിന് രണ്ടര രൂപ കുറച്ചിരുന്നു. അതേസമയം, കേരളത്തില്‍ ഇന്ധനവില കുറക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ പറയുന്ന കേന്ദ്ര നിലപാട് വിചിത്രമാണെന്നും ധനമന്ത്രി തോമസ് ഐസക്ക്‌ പ്രതികരിച്ചിരുന്നു.

എക്‌സൈസ് തീരുവ കുറയ്ക്കാന്‍ ഉദ്ദേശമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. രണ്ട് രൂപ കുറച്ചാല്‍ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകും തെരുവിലെ സമരത്തിനു കീഴടങ്ങില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദ്ദേശം.എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളോട് നികുതി കുറയ്ക്കണമെന്ന നിലപാടിലാണ് കേന്ദ്രം.

Top