പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ഫലം കൃത്രിമമായി നിർമിച്ചെടുത്തതെന്ന് സിപിഐഎം

ന്യൂഡൽഹി : പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണകൂടവും തെരഞ്ഞെുപ്പ്‌ കമീഷനും ഭരണകക്ഷിക്ക് കൂട്ടുനിന്ന്‌ വ്യാജമായി സൃഷ്‌ടിച്ചെടുത്തതാണെന്ന്‌ സിപിഐ എം പൊളീറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത്‌ സമിതി വോട്ടണ്ണലിൽ നടന്ന വൻ അട്ടിമറിയിൽ അതിശക്തമായ രോഷം രേഖപ്പെടുത്തിയ പാർടി, തെരഞ്ഞെടുപ്പ്‌ കമീഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ നഗ്നമായി ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

ഭംഗറിലെ ഒരു ജില്ലാ പരിഷത്ത് സീറ്റിൽ ഇടതുപക്ഷം പിന്തുണച്ച ഐഎസ്‌എഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ഫലം അട്ടിമറിച്ച്‌ തൃണമൂൽ സ്ഥാനാർഥിയെയാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ വിജയിയായി പ്രഖ്യാപിച്ചത്‌. പ്രതിഷേധിച്ചവർക്ക്‌ നേരെ പൊലീസ്‌ നടത്തിയ വെടിവെയ്‌പിൽ നാലുപേർ കൊല്ലപ്പെട്ടു. ഭംഗർ സംഭവം സംസ്ഥാന വ്യാപകമായി നടന്ന അട്ടിമറികളുടെ പ്രതീകമാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ വെബ്‌സൈറ്റ്‌ പ്രവർത്തനരഹിതമാക്കിയും വോട്ടെണ്ണൽ സാവധാനമാക്കിയുമാണ്‌ ഭരണകക്ഷിക്ക്‌ അനുകൂലമായി കൃത്രിമഫലം നിർമിച്ചത്‌. അർധരാത്രിയിൽ ഇടതുപക്ഷത്തിന്റെയും മറ്റ്‌ മതനിരപേക്ഷ കക്ഷികളുടെയും കൗണ്ടിങ്‌ ഏജന്റുമാരെ പുറത്താക്കിയാണ്‌ പഞ്ചായത്ത് സമിതിയുടെയും ജില്ലാ പരിഷത്തിന്റെയും ഫലം പ്രഖ്യാപിച്ചത്‌. ഇതിന്‌ നിയമസാധുതയില്ല.

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് സിപിഐ എമ്മിനായി രേഖപ്പെടുത്തിയ ബാലറ്റുകൾ വൻതോതിൽ കണ്ടെടുത്തത്‌ അട്ടിമറിയുടെ ആഴം വെളിവാക്കുന്നു. ജനാഭിലാഷം അംഗീകരിക്കാതെ ഭരണകക്ഷിയായ തൃണമൂലിനെ വിജയിപ്പിക്കാനും ബിജെപിയെ രണ്ടാംസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനുമുള്ള ശ്രമം വ്യക്തമാണ്‌. ജനാധിപത്യത്തെ പരിഹസിക്കുന്ന തരത്തിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്‌ ഹൈക്കോടതി ബുധനാഴ്‌ച സ്‌റ്റേ ചെയ്‌തു. തൃണമൂലിനും ബിജെപിക്കുമെതിരെയുള്ള ജീവന്മരണ പോരാട്ടിലേർപ്പെട്ട്‌ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന ഇടത്‌ ,കോൺഗ്രസ്‌ , ഐഎസ്‌എഫ്‌ മറ്റ്‌ മതനിരപക്ഷേ കക്ഷി പ്രവർത്തകർക്ക്‌ പൊളീറ്റ്‌ബ്യൂറോ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദീർഘടമായ സന്ദർഭത്തിൽ ബംഗാൾ ജനതയ്‌ക്കൊപ്പം നിലകൊള്ളാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും പ്രസ്‌താവനയിൽ പൊളീറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു.

Top