പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: റീപോളിംഗ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റീ പോളിംഗ് ആരംഭിച്ചു. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ് നടക്കുന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്.

മുര്‍ഷിദാബാദില്‍ 63 സ്ഥലങ്ങളിലും കുച്ച്‌ബെഹാര്‍ 52, പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ 28, ഹൂഗ്ലിയില്‍ പത്തും ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെയാണ് ഫലം പ്രഖ്യാപിക്കുന്നത്. അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവെയ്പ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അമ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ചില ബൂത്തുകളില്‍ പ്രവേശിക്കാന്‍ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയവര്‍ അനുവദിച്ചില്ലെന്ന് വോട്ടര്‍മാര്‍ പരാതിപ്പെടുന്ന സംഭവങ്ങള്‍ വരെ അരങ്ങേറിയിരുന്നു.

73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനു മുമ്പേ 34 ശതമാനം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top