കൊല്‍ക്കത്ത: ബംഗാളില്‍ വിനായക ചതുര്‍ത്ഥിയെ രാഷ്ട്രീയ മാര്‍ഗ്ഗമാക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും. ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെയ്ക്കുന്ന ബിജെപിയ്ക്ക് ഒരു മുഴം മുന്‍പേ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുകയാണ് ടിഎംസി നേതാക്കള്‍. വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടു നില്‍ക്കുന്നതും മമത ബാനര്‍ജിയും കൂട്ടരുമാണ്.
ഭവാനിപോര എന്ന സ്ഥലത്ത് മുന്‍ മന്ത്രിയും മുതിര്‍ന്ന ടിഎംസി നേതാവുമായ മദന്‍ മിത്രയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആദ്യമായിട്ടാണ് ഇത്ര വിപുലമായ പരിപാടി ഇവിടെ നടക്കുന്നത്. മിത്ര തന്നെയാണ് പരിപാടി കമ്മറ്റിയുടെ അദ്ധ്യക്ഷനും.
ദുര്‍ഗ്ഗ പൂജ സമയത്ത് അതിനുള്ള പ്രതിമകള്‍ മുംബൈയില്‍ നിന്നടക്കം എത്തിക്കുകയും ആഘോഷമായി ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഒരു സംഘം ഇതിനായി ബംഗാളില്‍ നിന്നും മുംബൈയ്ക്ക് പോയി.
ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി സധാന്‍ പാണ്ഡേയാണ് മറ്റൊരു മുതിര്‍ന്ന സംഘാടകന്‍. 2011 ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതു മുതല്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താറുണ്ടെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
എംഎല്‍എ സുജിത് ബോസ് മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം പൂജ സമയങ്ങളില്‍ ഉണ്ടായിരുന്നു. വലിയ അളവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന ഇടങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടത്താന്‍ പാര്‍ട്ടിയുടെ നിയമസഭാ അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃണമൂല്‍ കോണ്‍ഗ്രസ് വിനായക പൂജ മാത്രമല്ല, രാമ നവമിയും ഹനുമാന്‍ ജയന്തിയും ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നതായി ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വിനായക വിഗ്രഹം ഒഴുക്കുന്ന ചടങ്ങ് മുഹറം ദിനത്തെത്തുടര്‍ന്ന് മമത ബാനര്‍ജി വൈകിപ്പിച്ചിരുന്നു. ഇത് ഹിന്ദു ജനങ്ങള്‍ക്കിടയില്‍ വലിയ നീരസം ഉണ്ടാക്കി. എന്നാല്‍ ഇത്തവണ വലിയ ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നു. 10,000 രൂപ വച്ചാണ് ഓരോ പൂജ നടത്തിപ്പുകാര്‍ക്കും നല്‍കുന്നത്. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടാണിരിക്കുന്നത്. ഇക്കാര്യങ്ങളൊന്നും ടിഎംസിയ്ക്ക് ഗുണം ചെയ്യില്ലെന്നും ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
മമത മുസ്ലീം-ഹിന്ദു വികാരങ്ങള്‍ ഒരു പോലെ വൃണപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ബിജെപി ആരോപിക്കുന്നു. അവസരോചിതമായാണ് അല്ലാഹുവിന്റെയും ഹിന്ദു ദൈവങ്ങളുടെയും പേരുകള്‍ മമത ബാനര്‍ജി ഉപയോഗിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു.