കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. കോല്‍ക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയാണ് കോല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളജില്‍ സ്ഥാപിച്ചിരുന്ന പ്രതിമ ആക്രമികള്‍ തകര്‍ത്തത്.
ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം പ്രതിമ തകര്‍ത്ത സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബിജെപിയുടെ വാദം.
ഒരു പ്രകോപനവുമില്ലാതെ കോളജില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ റാലിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. പ്രതിമ യൂണിയന്‍ റൂമിനുള്ളിലായിരുന്നുവെന്നും അത് തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും സിന്‍ഹ ആരോപിച്ചു.
തൃണമൂല്‍ ഗൂണ്ടകളാണ് പ്രതിമ തകര്‍ത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു. പ്രതിമ ബിജെപി പുനര്‍നിര്‍മ്മിക്കാമെന്ന് മോദിയുടെ വാഗ്ദാനം മമത ബാനര്‍ജി തള്ളുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു പ്രതിമ തകര്‍ത്തതെന്ന് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വ്യക്തമാക്കിയിരുന്നു.