ഹൈദരാബാദ് ടെസ്റ്റ് ; ടോസ് നേടിയ വിന്‍ഡീസ് ബാറ്റ് ചെയ്യുന്നു

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. മുഹമ്മദ് ഷാമിക്ക് പകരം ഷാര്‍ദൂല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഷാര്‍ദൂലിന്റെ അരങ്ങേറ്റ മത്സരമാണിത്.

അതേസമയം രണ്ട് മാറ്റങ്ങളോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ന് കളത്തില്‍ ഇറങ്ങിയത്. വിന്‍ഡീസ് നിരയില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തി. പരുക്കിനെ തുടര്‍ന്ന് ഹോള്‍ഡര്‍ രാജ്‌കോട്ട് ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ജോമി വാരിക്കനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിമോ പോള്‍, ഷെമന്‍ ലൂയിസ് എന്നിവര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസ് വിശ്രമം അനുവദിച്ചത്.

ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ കെയ്‌റണ്‍ പവലിനെ 22 റണ്‍സിന് നഷ്ടമായി. ക്രെയിഗ് ബ്രാത്‌വെയ്റ്റ് (10), ഷായി ഹോപ്പ് (0) എന്നിവരാണ് ക്രീസില്‍. അശ്വിനാണ് വിക്കറ്റ്.

Top