ബർമുഡ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര കളിച്ച ടീമിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്.
ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് ടീമിലുണ്ട്. സ്റ്റാർ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ് എന്നിവരും ഇന്ത്യൻ ടീമിലുണ്ട്. അതേസമയം, മികച്ച ഫോമിലുള്ള ദീപക് ഹൂഡ അന്തിമ ഇലവനിലില്ല. ഒരിടവേളക്കുശേഷം ആർ അശ്വിനും ടീമിലെത്തി. രവീന്ദ്ര ജഡേജയും രവി ബിഷ്ണോയിയുമാണ് അശ്വിന് പുറമെ ഇന്ത്യയുടെ സ്പിന്നർമാർ. ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയതുപോലെ രോഹിത്തിനൊപ്പം റിഷഭ് തന്നെയാണ് ഇന്ത്യക്കായി ഓപ്പണറായി എത്തുന്നത്.ഫിനിഷറായി ദിനേശ് കാർത്തിക്കും ഇന്ത്യയുടെ അന്തിമ ഇലവനിലുണ്ട്. ഏകദിന പരമ്പരയിലെ മികച്ച ഫോമാണ് ശ്രേയസ് അയ്യർക്ക് ടീമിലിടം നൽകിയത്.
അയർലൻഡിനെ 2-0നും ഇംഗ്ലണ്ടിനെ 2-1നും തോൽപ്പിച്ചാണ് ഇന്ത്യ വിൻഡീസിനെതിരെ ഇറങ്ങുന്നത്. പരിക്കിനെ പിന്നാലെ കൊവിഡ് ബാധിതനായ കെ എൽ രാഹുലിന് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.വിൻഡീസ് ടീമിൽ കായികക്ഷമതയില്ലാത്തതിൻറെ പേരിൽ പുറത്തായ ഷിമ്രോൺ ഹെറ്റ്മെയർ തിരിച്ചെത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ് നടക്കുക. അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിൽ വെച്ചാണ് നടക്കുക.