വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നതിന്റെ ആദ്യ പരിശോധന ഫലം ഇന്ന്

മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നതിന്റെ ആദ്യ പരിശോധന ഫലം ഇന്ന് പുറത്തുവന്നേക്കും. കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും ഇന്ന് കിട്ടുമെന്നാണ് സൂചന. മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. പനി ബാധിച്ച് ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്‍ മരിച്ചിരുന്നു.

മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു.

വേങ്ങരയില്‍ നിന്ന് ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഇന്നുണ്ടാകും. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളേയും കൊതുകുകളേയും പരിശോധനയ്ക്ക് വിധേയമാക്കിയത്.

Top