വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

മലപ്പുറം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.

പനി മൂര്‍ച്ഛിച്ചതോടെ കുഞ്ഞിനെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് തിരിച്ചറിഞ്ഞത്.

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കര്‍ശന പരിശോധനകളും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണ്. ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി.

കുട്ടിയുടെ വീട്ടിലും ബന്ധുവീട്ടിലും അടക്കം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ ക്യൂലക്‌സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം, വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Top