ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ തിരിച്ചടി നേരിട്ട് വെസ്റ്റിന്‍ഡീസ്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറിനെ ഐസിസി അടുത്ത ടെസ്റ്റില്‍ നിന്ന് വിലക്കി. വെറും രണ്ടര ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിലാണ് ഹോള്‍ഡറിനെതിരായ ഐസിസിയുടെ നീതി രഹിതമായ നടപടി. ഇതോടെ ഐസിസിക്കെതിരെ വ്യാപക പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്.
നടപടി നേരിട്ടതോടെ സെന്റ് ലൂസിയയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഹോള്‍ഡറിന് പങ്കെടുക്കാനാവില്ല. അഞ്ച് ദിവസവമെങ്കിലും കളിക്കാത്ത ടെസ്റ്റില്‍ ഇത്തരം നടപടികള്‍ എടുക്കരുതെന്ന് മുന്‍ താരങ്ങള്‍ ഒന്നടങ്കം ഐസിസിയോട് ആവശ്യപ്പെട്ടു. ഹോള്‍ഡര്‍ അപ്പീല്‍ നല്‍കണെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ അഭിപ്രായപ്പെട്ടു.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഹോള്‍ഡറാണ് 229 റണ്‍സുമായി ബൗളര്‍മാര്‍ കളം നിറഞ്ഞ പരമ്പരയിലെ ടോപ് സ്‌കോറര്‍. വെസ്റ്റിന്‍ഡീസിനായി ഏഴ് വിക്കറ്റും ഹോള്‍ഡര്‍ സ്വന്തമാക്കിയിരുന്നു. ഹോള്‍ഡറുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റാകും മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ നയിക്കുക.