WFI Replaces Narsingh Yadav With Praveen Rana for Rio Olympics

ന്യൂഡല്‍ഹി: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന് പകരം റിയോ ഒളിമ്പിക്‌സ് 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ പ്രവീണ്‍ റാണ ഇന്ത്യയെ പ്രതിനിധീകരിക്കും.

റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ യു.എസില്‍ നടന്ന ഡേവ് ഷൂല്‍സ് അനുസ്മരണ ഗുസ്തി ടൂര്‍ണമെന്റില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെ!ഡല്‍ നേടിയ താരമാണ് റാണ.

അതേസമയം, ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ് യാദവിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് രംഗത്തെത്തി. നര്‍സിങ് ഒരിക്കലും അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിക്കില്ലെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദത്ത് ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) പരിശോധനയിലാണ് നര്‍സിങ് പരാജയപ്പെട്ടത്.എന്നാല്‍, തന്നെ ഗൂഢാലോചനയിലൂടെ കുടുക്കുകയായിരുന്നുവെന്നാണ് നര്‍സിങ്ങിന്റെ ആരോപണം. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും നര്‍സിങ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് (ആര്‍.എഫ്.ഐ) നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top