തൃശൂരില്‍ 30 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടി

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് (തിമിംഗല ഛര്‍ദി) പിടികൂടി. തൃശൂര്‍ ചേറ്റുവയിലാണ് ആംബര്‍ഗ്രിസുമായി മൂന്നംഗ സംഘം പിടിയിലായത്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഫ്‌ളെയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. 18 കിലോ തൂക്കം വരുന്ന ആംബര്‍ഗ്രിസിന് ബ്ലാക് മാര്‍ക്കറ്റില്‍ 30 കോടിയോളം രൂപ വിലവരും. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കൈവശം വെക്കുന്നതും വില്‍ക്കുന്നതും മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള വസ്തുവാണ് തിമിംഗലം ഛര്‍ദിക്കുന്ന ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. കേരളത്തില്‍ ആദ്യമായാണ് ഇത് പിടികൂടുന്നത്.

Top