Whales Stranded On Beach, Thrashing Tails In Distress

വെല്ലിംഗ്ടണ്‍: ന്യൂസ്‌ലാന്‍ഡ് തീരത്ത് കുടുങ്ങികിടക്കുന്ന തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

തെക്കന്‍ ദ്വീപിലെ ഫെയര്‍വൈല്‍ സ്പ്ലിറ്റിലാണ് 400 ലേറെ തിമിംഗലങ്ങള്‍ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം മരണത്തിന് കീഴടങ്ങി. ബാക്കിയുള്ളവയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സമീപവാസികളും കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുമടക്കും നൂറുകണക്കിന് പേര്‍ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള പരിശ്രമത്തിലാണ്.

വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞെന്ന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എന്നാല്‍ രാത്രിയിലെ രക്ഷാപ്രവര്‍ത്തനം അപകടമാണെന്ന് കണ്ട് വെള്ളിയാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

whale1

416 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ടെന്ന് ന്യൂസ് ലന്‍ഡ് മറൈന്‍ മാമല്‍ ചാരിറ്റി പ്രോജക്ടായ ജോനാഹ് പറഞ്ഞു. ജീവനുള്ള തിമിംഗലങ്ങള്‍ക്ക് തണുപ്പ് നല്‍കി ഡോക്ടര്‍മാരും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തുണ്ട്. ചില തിമിംഗലങ്ങള്‍ തിരികെ പോകാന്‍ ശ്രമിക്കുന്നുണ്ടെന്നും മനുഷ്യചങ്ങല തീര്‍ത്ത് അവയെ വെള്ളത്തിലേക്ക് തള്ളിയിറക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് വോളന്റിയര്‍ അന്ന വില്‍സ് പറഞ്ഞു.

ന്യൂസ്‌ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ തീരത്തടഞ്ഞ സംഭവം ഇതാണെന്ന് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

തിമിംഗലങ്ങള്‍ തീരത്തേക്ക് ഒഴുകിയെത്തുന്നതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്തെന്ന് ശാസ്ത്രഞ്ജര്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ പ്രായമായി രോഗബാധിതരായതോ പരിക്കേറ്റതോ ആയ തിമിംഗലങ്ങള്‍ ദിശ നഷ്ടപ്പെട്ട് തീരങ്ങളില്‍ വന്നടിയാറുണ്ടെന്നും ചിലപ്പോള്‍ തീരത്തേക്ക് ഒഴുകിയെത്തുന്ന തിമിംഗലം രക്ഷപ്പെടാനാകാതെ അപായസൂചന നല്‍കുമ്പോള്‍ മറ്റ് തിമിംഗലങ്ങളും അവിടേക്ക് എത്തിച്ചേര്‍ന്ന് അപകടത്തില്‍പെടാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.

Top