2 തെരഞ്ഞെടുപ്പുകള്‍; 2020ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന ‘തീപ്പൊരികള്‍’ ഇതൊക്കെ

2019 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരക്കേറിയ വര്‍ഷമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പുറമെ ഏഴ് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പോരാട്ടം അരങ്ങേറി. എന്നാല്‍ 2020ല്‍ ഈ തിരക്കുകളില്ല. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് കാത്തിരിക്കുന്നത്, ഡല്‍ഹി, ബിഹാര്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ അല്ലാത്തതിനാല്‍ പ്രധാനമന്ത്രിക്കും സംഘത്തിനും സുദീര്‍ഘമായ പ്രചരണങ്ങള്‍ ഒഴിവാകും. ബിഹാറില്‍ ബിജെപി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് മേധാവി നിതീഷ് കുമാറാണ് മുഖ്യമന്ത്രി. ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയില്‍ പ്രതിപക്ഷത്താണ് ബിജെപി. ഇതിനിടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ഒരു തെരഞ്ഞെടുപ്പ് കൂടി സംജാതമാകും.

ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഉന്നത രാഷ്ട്രീയ നേതാക്കളെ വിട്ടയയ്ക്കുന്നതിന് പുറമെ പുതുതായി രൂപീകരിച്ച രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയവും പൂര്‍ത്തിയാക്കണം. ഇതിന് മാസങ്ങള്‍ വേണ്ടി വരും. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ പതിയെ കെട്ടടങ്ങുമെങ്കിലും ഇതിന്റെ തീ കെടാതെ കാത്തുസൂക്ഷിക്കാന്‍ ഈ മാസം പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ തുടങ്ങുന്നുണ്ട്.

ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ഒഴിവാക്കിയെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പൗരത്വ വിഷയം ആളിക്കത്തിക്കും. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കുന്നതാണ് മറ്റൊരു വിഷയം. കശ്മീരിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും, മതപരമായ ആചാരങ്ങള്‍ അടിസ്ഥാന അവകാശങ്ങള്‍ കവരുന്നുണ്ടോയെന്ന വിഷയങ്ങളും സുപ്രീംകോടതി ഈ വര്‍ഷം പരിഗണിക്കും.

Top