‘തുറന്നിട്ട വാതില്‍’ അടയുമ്പോള്‍ ഇല്ലാതാകുന്നത് സുതാര്യതയുടെ രാഷ്ട്രീയം കൂടിയാണ്

‘തുറന്നിട്ട വാതില്‍’ തന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമെല്ലാം. ആ ജനകീയതയുടെ അടിത്തറ സുതാര്യതയായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് മുറി ചരിത്രത്തിലാദ്യമായി ലോകദൃഷ്ടിയില്ലെത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. തന്റെ ഓഫിസിന്റെ പ്രവര്‍ത്തനം ലോകത്തെവിടെയിരുന്നും ജനങ്ങള്‍ക്ക് കാണാനായാണ് ഓഫിസ് മുറിയില്‍ വെബ് ക്യാമറ സ്ഥാപിച്ചത്.

മുഖ്യമന്തി ചേംബറിലുള്ളപ്പോള്‍ വെബ് ക്യാമറ പ്രവര്‍ത്തനനിരതമായിരിക്കും. മുഖ്യമന്തി നടത്തുന്ന കോണ്‍ഫറന്‍സുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും പൊതുജനങ്ങളെ കാണുന്നതും നിവേദനങ്ങള്‍ സ്വീകരിക്കുന്നതും ലൈവായി കാണാന്‍ കഴിയുമായിരുന്നു. മുഖ്യമന്തിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരുന്നു ലൈവ് വെബ് കാസ്റ്റിങ്. രണ്ടാം തവണ മുഖ്യമന്ത്രിയായശേഷം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോഴാണ് വെബ് ക്യാമറയെന്ന ആശയം ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ചത്. തന്റെ മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ ലോകം കാണട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോള്‍ ഉദ്യോഗസ്ഥരില്‍ മിക്കവരും എതിര്‍ത്തു. നിവേദനവും പരാതികളുമായി നിരവധിപേര്‍ എത്തുന്ന ഓഫിസില്‍ വെബ് ക്യാമറ സ്ഥാപിച്ച് തല്‍സമയം വിഡിയോദൃശ്യങ്ങള്‍ പുറത്തുവിടുന്നത് പ്രയോഗികമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഉമ്മന്‍ചാണ്ടി തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ ഓഫിസിലെ ക്യാമറ ദൃശ്യങ്ങള്‍ ഏതു സമയത്തും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഓഫിസ് ജനങ്ങള്‍ക്കായി തുറന്നിട്ടപ്പോള്‍ ചില വ്യത്യസ്ത അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായി. മുഖ്യമന്ത്രിയുടെ സ്റ്റാഫുകള്‍ രാവിലെ ഓഫിസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു. അമ്പരന്ന സ്റ്റാഫുകള്‍ പൊലീസിനെ വിവരം അറിയിച്ചു. മനോദൗര്‍ബല്യമുള്ള ആളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ കസേരയിലിരുന്നത്. തന്റെ കസേര അല്‍പനേരത്തേക്കെങ്കിലും മറ്റൊരാള്‍ സ്വന്തമാക്കിയ വിവരമറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കസേര കയ്യേറിയ ആളെ സുരക്ഷിതമായി ബന്ധുക്കളെ ഏല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ഉമ്മന്‍ചാണ്ടി ഓഫിസിലുണ്ടെങ്കില്‍ ഇടനാഴിയില്‍ വലിയ തിരക്കായിരിക്കും. ഇരു കൈകളിലും കടലാസുകെട്ടുകളുമായി മുഖ്യമന്ത്രി പുറത്തേക്കിറങ്ങുമ്പോള്‍ പരാതിക്കാര്‍ പൊതിയും. കടലാസു കെട്ടുകളുടെ കൂട്ടത്തിലേക്ക് പരാതികള്‍ ചേര്‍ത്തുവയ്ക്കും. അപ്പോള്‍ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കില്‍ പരാതിക്കാരുടെ മുന്നില്‍വച്ച് ഉദ്യോഗസ്ഥരെ വിളിക്കും. മുഖ്യമന്ത്രിയല്ലാത്തപ്പോഴും നിയമസഭയുടെ ഇടനാഴില്‍ വലിയ ആള്‍ക്കൂട്ടം കണ്ടാല്‍ അതിനുള്ളില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് ഉറപ്പിക്കാം. വൃത്താകൃതിയിലുള്ള ജനക്കൂട്ടം നടുവിലുള്ള ആളിന്റെ ചലനങ്ങള്‍ക്കനുസരിച്ച് നീങ്ങിക്കൊണ്ടിരിക്കും. ആ ചലനം നിലയ്ക്കുമ്പോള്‍ സുതാര്യതയുടെ രാഷ്ട്രീയം കൂടിയാണ് ഇല്ലാതാകുന്നത്.

Top