കോഴിക്കോട്: വടകര എംഎൽഎ കെ കെ രമയ്ക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. വടകരയിലെ എംഎൽഎ സ്ഥാനം ഒറ്റിക്കൊടുക്കലിന് പകരമായി കിട്ടിയതാണെന്ന് പി മോഹൻ പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആർഎംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു.
‘രക്തസാക്ഷികളുടെ പാരമ്പര്യം ആർഎംപി കളങ്കപ്പെടുത്തി. പത്ത് രക്തസാക്ഷികളുടെ ത്രസിപ്പിക്കുന്ന വിപ്ലവ പാരമ്പര്യമാണ് ഒഞ്ചിയത്തിനുള്ളത്. അത് കളഞ്ഞു കുളിച്ചു. എക്കാലത്തും ആർഎംപി നോേതൃത്വത്തിന് മേലുള്ള മായ്ച്ച് കളയാൻ പറ്റാത്ത കളങ്കമാണ്ത്. കോൺഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനാണ്. അതിന് കോടാലി കൈകളായി ഇവർ നിന്നുകൊടുത്തു. അതിനുള്ള പ്രതിഫലം തന്നെയാണ് വടകര എംഎൽഎ സ്ഥാനം’ മോഹനൻ പറഞ്ഞു.
കെകെ രമ ഒറ്റുകാരിയാണെന്നും അതിനുകിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനമെന്നും എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുത് എന്ന് സിപിഎം രാജ്യസഭ എംപി എളമരം കരീം പറഞ്ഞിരുന്നു. ഒഞ്ചിയത്ത് നടന്ന സി.എച്ച്.അശോകൻ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമർശം. വർഗ ശത്രുക്കളുമായി ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി? ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എംഎൽഎ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സിഎച്ച് അശോകനെന്നും കരീം പറഞ്ഞു. ടിപി വധക്കേസിലെ ഒൻപതാം പ്രതിയായിരുന്നു സിഎച്ച് അശോകൻ.