തൃശ്ശൂര്‍: കലാമണ്ഡലം ഗോപി അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഗോപിയാശാന്‍ തന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല. തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്‌നേഹം താന്‍ തൊട്ടറിഞ്ഞിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.
കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും. കരുണാകരന്‍ ജനകീയ നേതാവാണ്. കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കണോ എന്ന് ബിജെപി നേതാക്കള്‍ പറയട്ടെ. ശവകുടീര സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. അവിടേക്ക് കടന്നു കയറില്ല. പാര്‍ട്ടിനേതൃത്വം അനുവദിച്ചാല്‍ കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കലാമണ്ഡലം ഗോപിയെ കാണുന്നതിന് മറ്റുള്ളവര്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഇനിയും കാണും. തന്റെ വീട്ടിലേക്ക് ഒരുപാട് പേര്‍ വോട്ട് തേടി വന്നിട്ടുണ്ട്. വി കെ പ്രശാന്ത്, കെ മുരളീധരന്‍ ,വിജയകുമാര്‍, ഒ രാജഗോപാല്‍ എല്ലാവരും വന്നിട്ടുണ്ട്. താനവരെ എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.