നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി കൂടി ശക്തമായ നിലപാട് സ്വീകരിച്ചത് അതിജീവത എന്നു പറയുന്ന നടിക്കു മാത്രമല്ല അവരുടെ ഒപ്പം നില്‍ക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാണ്ഉ ണ്ടാക്കിയിരിക്കുന്നത്. ഇനിയും വിചാരണ കോടതിക്കെതിരെ നീങ്ങിയാല്‍ പണി പാളുമെന്നതും ഉറപ്പാണ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയും തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് നിരീക്ഷിച്ചാണ് ഈ ഉത്തരവ്. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന ഹൈക്കോടതി വിധിയാണ് ഇതോടെ ശരിവയ്ക്കപ്പെട്ടിരിക്കുന്നത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ നീതി കിട്ടില്ലെന്ന അതിജീവിതയുടെ വാദം തള്ളിയ സുപ്രീംകോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് എട്ടാം പ്രതി ദിലീപുമായി നേരിട്ടു ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് നടിയുടെ അഭിഭാഷകന്‍ നല്‍കിയിരിക്കുന്ന മറുപടി. ജഡ്ജിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവില്ലന്നും ശബ്ദസന്ദേശം ഇതിനു തെളിവായി കാണാന്‍ കഴിയില്ലന്നും വ്യക്തമാക്കിയ കോടതി ഇത് കേസിലെ വിചാരണയെ ബാധിക്കുമെന്നു കരുതാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവോടെ ഇനി ഒരു തടസ്സവും ഇല്ലാതെ വിചാരണ പൂര്‍ത്തിയാക്കാന്‍ ജഡ്ജി ഹണി എം വര്‍ഗ്ഗീസിനു കഴിയും. അവര്‍ മുന്‍ എസ്.എഫ് ഐക്കാരിയാണെന്നതും സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകളാണ് എന്നതുമൊന്നും ഇനി ആരോപിച്ചിട്ട് ഒരു കാര്യവുമില്ല. സത്യസന്ധമായി അന്വേഷണം നടത്താന്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരും ഇനി ഭയക്കുക തന്നെ വേണം. നടി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. എന്നാല്‍ വിചാരണ കോടതിക്കെതിരെ ആര് ആക്ഷേപം ഉന്നയിച്ചാലും അതിനെ അംഗീകരിക്കാന്‍ കഴിയുകയുമില്ല. സത്യസന്ധയായ ഒരു ജഡ്ജിയാണ് വിചാരണ കോടതിയില്‍ ഉള്ളത്. അവര്‍ ഈ കേസ് കേള്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ രഹസ്യ അജണ്ടയുള്ളത്. ജഡ്ജിയുടെ കുടുംബാംഗങ്ങളെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചതും ഈ അജണ്ട മുന്‍ നിര്‍ത്തി തന്നെയാണ്. അങ്ങനെ സംശയിക്കാന്‍ നിരവധി കാരണങ്ങളും ഉണ്ട്.
നടിക്കെതിരെ നടന്ന പീഡനം രാജ്യത്തെ ആദ്യത്തെ പീഡനം ഒന്നുമല്ല മറ്റു പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് ലഭിക്കാത്ത ഒരു ആനുകൂല്യത്തിനും ഈ നടി അര്‍ഹയുമല്ല. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ ഇടപാടാണ് നടന്നതെന്നത് പൊലീസിന്റെ മാത്രം വാദമാണ് അത് ക്വട്ടേഷനാണോ മറ്റു വല്ലതുമാണോ എന്നത് വിചാരണ കോടതിയിലാണ് തെളിയേണ്ടത്. അതുവരെ കാത്തിരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതിനു മുന്‍പ് തന്നെ നടി ഉള്‍പ്പെടെ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നതില്‍ തന്നെ അസ്വാഭാവികതയുണ്ട്. അതും പറയാതിരിക്കാന്‍ കഴിയുകയില്ല.ഏതെങ്കിലും വ്യക്തികളുടെ നിലപാടിന് അനുസരിച്ച് ജഡ്ജിമാരെ മാറ്റാന്‍ തീരുമാനിച്ചാല്‍ ഒരു കേസിലും വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുക. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിക്ക് പോലും തന്റെ നിലപാട് പറയാന്‍ അവസരം നല്‍കുന്ന നിയമ വ്യവസ്ഥയാണ് നമുക്കുള്ളത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതും രാജ്യത്തെ നിയമ വ്യവസ്ഥ പിന്‍തുടരുന്ന നയമാണ്. ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും നടിയുടെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ കോടതിയെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് പരസ്യമായി സ്വീകരിച്ച് വരുന്നത്. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ മേല്‍ക്കോടതികള്‍ക്കും ഇടപെടേണ്ടി വന്നിരിക്കുന്നത്.
വിചാരണ കോടതി മാറ്റിയതു കൊണ്ടു മാത്രം നടി ആഗ്രഹിക്കുന്ന തരത്തില്‍ എല്ലാം നടക്കണമെന്നില്ല. ഏത് കേസിലും പ്രതികളെ ശിക്ഷിക്കാന്‍ തെളിവുകള്‍ ആവശ്യമാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം അഴിയെണ്ണും അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ അദ്ദേഹം നിരപരാധിയെങ്കില്‍ വെറുതെ വിടപ്പെടുകയും ചെയ്യും. അത്തരമൊരു ഘട്ടത്തില്‍, തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ദിലീപിന് അവകാശമുണ്ടായിരിക്കും. ഈ ഭയമാണ് നടിയെ മുന്‍ നിര്‍ത്തി വിചാരണ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. ഇത് കേവലം ഒരു ആരോപണം മാത്രമാണെങ്കിലും ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടാല്‍ എ.ഡി. ജി.പി. ബി.സന്ധ്യ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എന്നിവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത ഏറെയാണ്. അത് ഒഴിവാക്കാന്‍ പറ്റാവുന്ന എല്ലാ പണിയും പൊലീസ് ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഇത്രയും വാശിയോടെ കേരള പൊലീസ് അന്വേഷിച്ച മറ്റൊരു കേസില്ലന്നുതന്നെ പറയേണ്ടി വരും. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഒരു പരിഗണനയും ദിലീപിന് അന്വേഷണ സംഘം നല്‍കിയിട്ടുമില്ല.
ദിലീപിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ പറ്റിയില്ലങ്കില്‍ അത് കേരള പൊലീസിന് വന്‍ പ്രഹരമാകും. ഉന്നത ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജയിലില്‍ പോകേണ്ട അവസ്ഥയും അതോടെ സംജാതമാകും. എന്നാല്‍ ശിക്ഷ വാങ്ങി കൊടുത്താല്‍ അത് പൊലീസ് സേനക്കാകെ വലിയ നേട്ടമായാണ് മാറുക. തന്നെ ഉപദ്രവിച്ച പ്രതികളേക്കാള്‍ ഇപ്പോള്‍ ദിലീപ് ശിക്ഷക്കപ്പെടണമെന്നാണ് നടിയും ആഗ്രഹികുന്നത്. വൈകി വന്ന ഒരാഗ്രഹമാണിത്. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ അടുത്തയിടെ മാത്രമാണ് ദിലീപിനെതിരെ നടി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. അതുവരെ പൊലീസും മാധ്യമങ്ങളുമാണ് ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. വിചാരണ കോടതി ജഡ്ജിക്കെതിരെ രംഗത്ത് വന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രോസിക്യൂഷന് പറ്റിയ വലിയ പിഴവ്. ചാനല്‍ വിചാരണകളും തിരിച്ചടിയായി മാറി. കോടതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചത് ഇക്കൂട്ടരാണ്. വിധി വന്നു കഴിഞ്ഞിട്ടാണ് വിമര്‍ശനമെങ്കില്‍ അതിന് അല്‍പ്പമെങ്കിലും ന്യായീകരണം ഉണ്ടാവുമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്.
ഇനി ഈ കേസില്‍ വിചാരണ കോടതി വിധി പറയുമ്പോള്‍ വിമര്‍ശനത്തിനുള്ള ഒരു ചെറിയ പഴുതു പോലും ജഡ്ജി അടച്ചിരിക്കും. അതായത് വിധി എന്തു തന്നെ ആയാലും അത് തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിശദമായ ജഡ്ജ്‌മെന്റ് തന്നെ ആയിരിക്കുമെന്ന് വ്യക്തം. നിയമ വിദഗ്ദരും അതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
EXPRESS KERALA VIEW