ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാത്തതിന് എതിരെ കോണ്‍ഗ്രസ്. പ്രഖ്യാപനം വൈകുന്നതിന്റെ യാഥാര്‍ഥ്യം എന്താണെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. തെലങ്കാനയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ മാധ്യമങ്ങളും മറ്റുള്ളവരും കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ തുടങ്ങി എന്നും കോണ്‍ഗ്രസ്.
എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ ആര്‍ക്കും പരാതിയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ താമസത്തിന് പിന്നില്‍ എന്താണ് കാരണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തിയായിരുന്നില്ല ബി.ജെ.പിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ ആരാകും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.