ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുപ്രധാനമായ ഒന്നായിരുന്നു സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാം എന്നത്. ഇതോടെ അനിശ്ചിതമായി നീണ്ടു പോകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വീണ്ടും വഴി തെളിഞ്ഞിരിക്കുകയാണ്. സ്റ്റേഡിയങ്ങള്‍ തുറന്നാലും കാണികളെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം അനുസരിച്ച് ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരം നടത്താനുള്ള വഴികളാവും ബിസിസിഐ തേടുന്നത്. രാജ്യത്തെ അവസ്ഥ പരിഗണിച്ച് മാത്രമേ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് ബിസിഐഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.
ഐപിഎല്‍ 2020 സീസണ്‍ ജൂലായ് മാസത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുമെന്നാണ് സിഎന്‍ബിസി-ടിവി 18യുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് സിഎന്‍ബിസി-ടിവി 18 വാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ റദ്ദാക്കിയാല്‍ 3869.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിസിഐക്കും ഐപിഎല്ലിന്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിനും കനത്ത നഷ്ടം സംഭവിക്കും. 3869.5 കോടിയുടെ നഷ്ടത്തില്‍ 3269.5 കോടി രൂപ സംപ്രേക്ഷണ ആദായം, 200 കോടി രൂപ സെന്‍ട്രല്‍ സ്‌പോണ്‍സര്‍ഷിപ്പും, 400 കോടി രൂപ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തിലുമാണ്. ഇതിനു പുറമെ മറ്റ് ചില സ്‌പോണ്‍സര്‍ഷിപ്പ് വരുമാനങ്ങളും ബിസിസിഐക്ക് നഷ്ടമാവും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പരസ്യ വരുമാനവും പ്രേക്ഷക വരുമാനവും നഷ്ടമാവും.മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഈ മാസം 15 ലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയായിരുന്നു.