ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് എന്തധികാരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതില്‍ ഉത്തരവാദിത്തം. ക്ഷേത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന്റെ റോള്‍ എന്താണെന്നും വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അതേസമയം വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സദുദ്ദേശം മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യൂ കൊണ്ടുവന്നത്. 2011 മുതല്‍ വെര്‍ച്വല്‍ ക്യൂ നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികളില്ല. 2019 ലെ കൊവിഡ് സാഹചര്യത്തില്‍ മാത്രമാണ് ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി ആക്കിയത്. 80 ലക്ഷം പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ബോര്‍ഡിനാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ അധികാരമെന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

Top