ദശകങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അന്തിമ തീരുമാനം നല്‍കി രാമജന്മഭൂമി, ബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ട് ദിവസം രണ്ട് കഴിഞ്ഞു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ പരമോന്നത കോടതി അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനും ഉത്തരവിട്ടു.
എല്ലാം സമാധാനപരമായിരിക്കണമെന്ന കോടതിയുടെയും, സര്‍ക്കാരിന്റെയും, മതരാഷ്ട്രീയ നേതാക്കളുടെയും ആഹ്വാനം ഫലപ്രദമായപ്പോള്‍ വിധി ശാന്തതയോടെ രാജ്യം ശ്രവിച്ചു.
നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ എത്തുന്ന ജനങ്ങളുടെ എണ്ണം തീരെ കുറവാണെങ്കിലും അയോധ്യയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമായിരിക്കുകയാണ്. വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാരുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു. ഇതിനിടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹിന്ദു, മുസ്ലീം മതനേതാക്കളെ സന്ദര്‍ശിച്ചത്.
‘സുപ്രീംകോടതിയുടെ ഉത്തരവ് ആദരിക്കാനും, എല്ലാ ജനവിഭാഗങ്ങളോടും ഇത് അനുസരിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു. മറ്റെല്ലാ കാര്യങ്ങള്‍ക്കും മുകളില്‍ ദേശീയ താല്‍പര്യമാണ് പ്രധാനം’, ഡോവലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് വഴി അശാന്തി പരത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനായി സെന്റിമെന്റ് അനാലിസിസ് പ്രോഗ്രാം ഉപയോഗിക്കുന്നുണ്ട്. സൈറ്റുകളിലെ കമന്റുകളും, പോസ്റ്റുകള്‍, ചാറ്റ് റൂമുകള്‍ എന്നിവ വിദ്വേഷം പരത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്നുണ്ട്. യുപിയില്‍ ഇതിനകം 90 പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
സുപ്രീംകോടതി അനുവദിച്ച 5 ഏക്കര്‍ ഭൂമി വാങ്ങുന്ന കാര്യത്തില്‍ നവംബര്‍ 26ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് സുന്നി സെന്‍ഡ്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് വിധിയെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ നിയമ ബോര്‍ഡ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.