സജി ചെറിയാൻ പറഞ്ഞത്, ഒരു കമ്യൂണിസ്റ്റുകാരൻ പറയേണ്ട നിലപാടു തന്നെ, കോൺഗ്രസ്സിനും മത നേതൃത്വത്തിനും ‘പൊള്ളേണ്ട’ കാര്യമില്ല

ക്രൈസ്തവ സഭയെ മാത്രമല്ല ആരെയും ആരു തന്നെ എവിടേക്ക് വിളിച്ചാലും ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ക്ഷണിക്കപ്പെട്ടവര്‍ തന്നെയാണ്, അക്കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ട സമയത്ത് ഉന്നയിക്കാനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്. അത് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളാണെങ്കിലും മന്ത്രിമാരായാലും ആ കടമ നിര്‍വ്വഹിക്കുക തന്നെ വേണം. ഇന്ത്യ എന്നു പറഞ്ഞാല്‍ ഒരു ജനാധിപത്യ രാജ്യമാണ്. അഭിപ്രായ പ്രകടനങ്ങള്‍ തന്നെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും.

മന്ത്രി സജി ചെറിയാന്‍ ഒരു അഭിപ്രായ പ്രകടനം നടത്തി എന്നതിന്റെ പേരില്‍ സര്‍ക്കാറിനെതിരെ നിലപാടു സ്വീകരിച്ച കാത്തോലിക്ക ബാവ ഉള്‍പ്പെടെയുള്ള ക്രൈസ്തവ നേതൃത്വം ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്നതും രാഷ്ട്രീയ കേരളം തിരിച്ചറിയേണ്ടതുണ്ട്. പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ വിശദീകരണം നല്‍കണമെന്നും, അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നുമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

മണിപ്പൂര്‍ കത്തുമ്പോള്‍ ആ ചൂട് കേരളത്തിലെ ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, മതനിരപേക്ഷ മനസ്സുകളെയും ചുട്ടുപൊള്ളിക്കുന്നതാണ്. ആ തീ കെടുത്താനല്ല പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്ന് നല്‍കിയതെന്നത് സജി ചെറിയാന്റെ മാത്രം ബോധ്യമല്ലന്നതും വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ ഓര്‍ത്തു കൊളളണം. ക്രൈസ്തവ വിഭാഗത്തില്‍ പിറക്കുകയും കമ്യൂണിസ്റ്റായി ജീവിക്കുകയും ചെയ്യുന്ന സജി ചെറിയാന് ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്താന്‍ മറ്റുള്ളവര്‍ക്കുള്ളതു പോലെതന്നെ എല്ലാ അവകാശവുമുണ്ട്. ഒരു നിയമ വിരുദ്ധ പ്രവര്‍ത്തിയും ഈ പരാമര്‍ശത്തില്‍ ഇല്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ക്രൈസ്തവ വിശ്വാസികളുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തിയല്ല, സ്വന്തം താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മത മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരിക്കുന്നത്. ഇതിലെ തെറ്റും ശരിയും ക്രൈസ്തവ സമൂഹം തന്നെ വിലയിരുത്തുമെന്ന കാര്യത്തിലും ഒരു സംശയവും ഉണ്ടാകേണ്ടതില്ല. മത മേലധ്യക്ഷന്‍മാരുടെ നടപടിയെ വിമര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് അവകാശമില്ലന്ന് പറയുന്നവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ മത നേതാക്കള്‍ക്ക് എന്തു അവകാശമാണ് ഉള്ളതെന്ന ചോദ്യത്തിനും മറുപടി പറയേണ്ടതുണ്ട്.

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഉയരുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിലെന്ന പോലെ പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്നു സംഘടിപ്പിച്ചതിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് ബി.ജെ.പിയുടെ രാഷ്ട്രീയമാണ്. ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം കോണ്‍ഗ്രസ്സിന് ഇല്ലെങ്കിലും രാജ്യത്തെ കമ്യൂണിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമുണ്ട്. ആ ഉത്തരവാദിത്യമാണ് സജി ചെറിയാനും നിര്‍വ്വഹിച്ചിരിക്കുന്നത്. മണിപ്പൂര്‍ ഇങ്ങനെ കത്തി എരിയുമ്പോള്‍ ഒരിക്കല്‍ പോലും മണിപ്പുര്‍ സന്ദര്‍ശിക്കാനോ നിലപാട് പറയാനോ പ്രധാനമന്ത്രി തയ്യാറാകാത്തതാണ് സജി ചെറിയാന്റെ വിമര്‍ശനത്തിന് ആധാരം.

ഇങ്ങനെ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച പ്രധാനമന്ത്രിയുടെ ക്ഷണം ക്രൈസ്തവ നേതൃത്വങ്ങള്‍ സ്വീകരിക്കുക കൂടി ചെയ്തതോടെ പ്രതികരിച്ചു പോകുന്നത് സ്വാഭാവികം മാത്രമാണ്. മന്ത്രിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിമാറ്റി വിവാദമാക്കേണ്ട ഒരു കാര്യവുമില്ല. അത് കേവലം ഒരു പദപ്രയോഗം മാത്രമാണെന്നതാണ് മനസ്സിലാക്കേണ്ടത്. സജി ചെറിയാനെതിരെയും സര്‍ക്കാറിനെതിരെയും നിലപാട് കടുപ്പിക്കുന്നവര്‍ മുന്‍പ് എത്രയോ തവണ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ ക്രൈസ്തവ സമുദായ നേതാക്കള്‍ പ്രതികരിച്ച കാര്യവും മറന്നു പോകരുത്. അന്നൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും മത സ്ഥാപനങ്ങള്‍ക്കെതിരെ നിസഹകരണം പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിലെ ആദ്യത്തെ ജനാധിപത്യ മന്ത്രിസഭയെ അട്ടിമറിക്കാന്‍ നടത്തിയ വിമോചന സമരം ഉള്‍പ്പെടെ ആരും മറക്കാതിരിക്കുന്നതാണ് നല്ലത്. അന്നു മുതല്‍ ഇന്നുവരെ കേരളത്തിലെ വിവിധ മത – സാമുദായിക നേതാക്കള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ ഇടപെടലുകള്‍ നിരന്തരം നടത്തിവരുന്നുണ്ട്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്. യു.ഡി.എഫ് ഭരണകാലങ്ങളില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പോലും വിവിധ സാമുദായിക നേതാക്കളാണ് ഇടപെട്ടിരുന്നത്.

ജനാധിപത്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കും മാത്രമായിരിക്കണം മത- സാമുദായിക സമവാക്യങ്ങളേക്കാള്‍ പ്രധാന്യം ലഭിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അത് നമ്മുടെ നാട്ടില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വൈകിയെങ്കിലും ഇത് എല്ലാവരും തിരിച്ചറിയുന്നതാണ് നാടിന്റെ ഒരുമ്മയ്ക്കും നല്ലത്. പരസ്പരം ഭീതി വിതച്ച് അകലുന്നതിനേക്കാള്‍ ഒരുമയുടെ സാധ്യതകള്‍ക്കാണ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും മത നേതൃത്വവും ശ്രമിക്കേണ്ടത്. രാജ്യം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top