ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. രോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധശേഷി കൂട്ടുക എന്നതാണ് പ്രധാനം. ആരോഗ്യം നിലനിർത്തുന്നതിനും മാരകമായ വൈറസിനെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്.
അപ്രതീക്ഷിതമായാണ് കൊവിഡ് 19 എന്ന മഹാമാരി രാജ്യത്ത് പടർന്ന് പിടിച്ചത്. കൊവിഡിന് പിന്നാലെ മങ്കിപോക്സ് പിടിപെടുന്നവരുടെ എണ്ണം കൂടിവരികയാണ്.
പ്രതിരോധശേഷി കൂട്ടാൻ ഭക്ഷണത്തിൽ ചേർക്കേണ്ട ചില പ്രധാനപ്പെട്ട ഔഷധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളം എന്തൊക്കെയാണെന്ന് നോക്കാം.
കുരുമുളക്…
മുഴുവനായോ, ചതച്ചോ, പൊടിച്ച രൂപത്തിലോ ലഭിക്കുന്ന കുരുമുളകിൽ, കുടൽ ഗ്യാസും മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, പനി കുറയ്ക്കുന്ന ഗുണങ്ങൾ മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മഞ്ഞൾ…
മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ എക്സ്ട്രാക്‌റ്റുകൾ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈ സുഗന്ധവ്യഞ്ജനം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
തുളസി…
തുളസി ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ചുമയും ജലദോഷവും അകറ്റാൻ ആളുകൾ ചായയ്ക്കൊപ്പം തുളസി ഇല ചേർക്കാറുണ്ട്. കാലാവസ്ഥ വൃതിയാനങ്ങൾക്ക് അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി (Immunity) വർധിപ്പിക്കുന്ന ഒന്നായാണ് തുളസിയെ കണക്കാക്കുന്നത്. ഇത് സമ്മർദ്ദം ഒഴിവാക്കാനും ഊർജ നില വർധിപ്പിക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി…
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് അല്ലിസിൻ, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അങ്ങനെ വിവിധ അണുബാധകളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഇഞ്ചി…
ജിഞ്ചറോളുകൾ, പാരഡോൾസ്,ഷോഗോൾസ് തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഇവയ്‌ക്കെല്ലാം ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കൂടാതെ, ഇഞ്ചി ശരീരത്തിലെ കോശങ്ങളിലേക്ക് പോഷകങ്ങളുടെ സ്വാംശീകരണവും മെച്ചപ്പെടുത്തുന്നു.