2019 ജൂണില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ എഴുതിനല്‍കിയ മറുപടിയില്‍ അതുവരെയുള്ള എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനക്കാരെയും, ചാവേറിനെയും, വാഹനം നല്‍കിയ ആളെയും തിരിച്ചറിഞ്ഞതായാണ് അറിയിച്ചത്. ഇതിലും കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഉയര്‍ന്ന ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ പുല്‍വാമ ഭീകരാക്രമണത്തില്‍ രണ്ട് പ്രധാന പ്രതികള്‍ ഉണ്ടെന്നാണ് കരുതുന്നത്.
ചാവേറായ അദില്‍ അഹ്മദ് ധര്‍, മറ്റ് പ്രധാന പ്രതികളായ മുദാസിര്‍ അഹ്മദ് ഖാന്‍, സജ്ജദ് ഭട്ട് എന്നിവരെയാണ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ധര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടതായി എല്ലാവര്‍ക്കും അറിയാം. മറ്റ് രണ്ട് പേര്‍ സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇവിടെ വരെയാണ് എന്‍ഐഎ അന്വേഷണം എത്തിനില്‍ക്കുന്നത്. പ്രധാന പ്രതികള്‍ എല്ലാവരും മരിച്ചതോടെയാണ് അന്വേഷണം മുന്നോട്ട് പോകാതെ തടസ്സപ്പെട്ടത്.
ഫോറന്‍സിക് പരിശോധനയില്‍ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്ന 25 കിലോ പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പുല്‍വാമയില്‍ എത്രത്തോളം സ്‌ഫോടകവസ്തുക്കള്‍ എത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിയമപരമായോ, കരിഞ്ചന്തയില്‍ നിന്നോ ആകാം ഇത് വാങ്ങിയതെന്നാണ് അനുമാനം. അതിര്‍ത്തി കടന്ന് ഇത് എത്തിയെങ്കില്‍ തന്നെ ഏറെ സമയം ആവശ്യമായ കാര്യവുമാണ്.
ഇന്റലിജന്‍സ് പരാജയത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. സ്‌ഫോടകവസ്തുക്കള്‍ക്ക് പുറമെ ആരാണ് ഗൂഢാലോചന നടത്തിയത്, ഫണ്ട് ഇറക്കിയത്, എത്രത്തോളം പണം കൈമാറി എന്നീ വിഷയങ്ങളിലും ഉത്തരം ലഭിച്ചിട്ടില്ല. 2011ല്‍ ആദ്യമായി വില്‍പ്പന നടന്ന ‘കാര്‍’ പല കുറി കൈമറിഞ്ഞാണ് അക്രമണത്തിന്, 10 ദിവസം മുന്‍പ് ‘കാര്‍’ സജ്ജദ് ഭട്ട് വാങ്ങുന്നത്.
മുദാസിറാണ് സ്‌ഫോടകവസ്തു എത്തിച്ചതെന്നാണ് എന്‍ഐഎ കരുതുന്നത്. സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷികളെ ലഭിക്കാത്തതും അന്വേഷണത്തിന് തടസ്സമാണ്. ഇതുകൊണ്ട് തന്നെയാണ് ഇന്ത്യ, പാക് യുദ്ധത്തിന് അരികിലെത്തിച്ച സംഭവത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാത്തത്.