ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തമാകുന്നുവെന്ന് സൂചന; ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍

terrorisam

ഡമാസ്‌കസ് : സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് അവിടെ വീണ്ടും ശക്തിപ്രാപിക്കാന്‍ ഇടനല്‍കുമെന്ന് സൂചന.

യു.എസ്. സൈന്യം സിറിയയില്‍ തുടര്‍ന്നത് ഐ.എസിനെ പരാജയപ്പെടുത്താനാണെന്നും ആ ദൗത്യം പൂര്‍ത്തിയായതായും ആണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. 2000-ത്തോളം യു.എസ്. സൈനികരാണ് ഇപ്പോള്‍ സിറിയയിലുള്ളത്.

എന്നാല്‍, ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്നും ഒറ്റയടിക്ക് സൈനികരെ പിന്‍വലിക്കുന്നത് സഖ്യസേനയെ ബുദ്ധിമുട്ടിലാക്കുമെന്നും സിറിയ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്.) പ്രസ്താവനയില്‍ പറഞ്ഞു.

30 ദിവസത്തിനകം സൈനികപിന്മാറ്റം പൂര്‍ത്തിയാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാല്‍, തെറ്റായ തീരുമാനമാണിതെന്നും പ്രത്യാഘാതം ഭീകരമാകുമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം മുന്നറിയിപ്പുനല്‍കി. മേഖലയില്‍ റഷ്യയ്ക്കും ഇറാനും സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇത് ഇടനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എസിനെ പരാജയപ്പെടുത്തിയെന്ന ട്രംപിന്റെ പ്രസ്താവനയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ലോകരാഷ്ട്രങ്ങള്‍ പ്രകടിപ്പിച്ചത്. കുര്‍ദുകള്‍ക്കെതിരേ സൈനികനടപടി തുടരുമെന്ന് അയല്‍രാജ്യമായ തുര്‍ക്കി പറഞ്ഞു.

ഭീകരരെ തുരത്താന്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്നാണ് യു.കെ. സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഐ.എസിന്റെ ശക്തിക്ഷയിച്ചെങ്കിലും പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്രോറന്‍സ് പാര്‍ലി പറഞ്ഞു.

ഭീകരരുടെ എല്ലാ ശക്തികേന്ദ്രങ്ങളും സൈനികശക്തി ഉപയോഗിച്ചുതന്നെ തകര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മേഖലയില്‍ സ്വാധീനം തുടരാന്‍ യു.എസിന് മറ്റുവഴികള്‍ ഉണ്ടെന്നാണ് അറിയുന്നതെന്നും പിന്മാറ്റപദ്ധതി പഠിച്ചുവരികയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

Top