സ്വന്തം സമുദായത്തിൽ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് എന്ത് വിലയാണ് ഉള്ളതെന്നത് ഈ തെരഞ്ഞെടുപ്പോടെ കേരളത്തിനു വ്യക്തമാകും. വീണ്ടും ഭരണ തുടർച്ച ഇടതുപക്ഷത്തിനു ലഭിക്കുകയാണെങ്കിൽ, നായർ സമുദായം, ഈ രാഷ്ട്രീയ ഏജന്റിനെ പുറത്താക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം ഉയർത്തി, പ്രതിപക്ഷത്തിനു വോട്ട് പിടിക്കുന്ന ഏർപ്പാടാണ് സുകുമാരൻ നായർ നടത്തിയിരിക്കുന്നത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നാണ് വോട്ടെടുപ്പ് ദിവസം അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണമെന്നും,വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ തുറന്നടിക്കുകയുണ്ടായി. രാവിലെ ഏഴു മണിക്ക് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷമായിരുന്നു ഈ പ്രതികരണം. സുകുമാരൻ നായരുടെ പ്രതികരണം വന്നതോടെ, അതിനു വലിയ പ്രചരണം നൽകാനാണ് പ്രതിപക്ഷ നേതാക്കളും കുത്തക മാധ്യമങ്ങളും ശ്രമിച്ചത്. ഇതും ദുരുദ്ദേശപരമാണ്.
ഭരണമാറ്റമെന്ന സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നു മാത്രമേ, ഈ ഘട്ടത്തിൽ പറയാനുള്ളു. സമുദായ സംഘടനാ നേതാക്കൾ പരസ്യമായി ഇങ്ങനെ ജനഹിതം അട്ടിമറിക്കാൻ ശ്രമിച്ചാൽ അത് ജനാധിപത്യത്തിനു മാത്രമല്ല, മതേതരത്വത്തിനു തന്നെ വെല്ലുവിളിയായാണ് മാറുക. അനവസരത്തിലായി പോയി സുകുമാരൻ നായരുടെ പ്രതികരണമെന്ന് സാക്ഷാൽ വെള്ളാപ്പള്ളിക്കു പോലും, ഇപ്പോൾ തുറന്നു പറയേണ്ടി വന്നിരിക്കുകയാണ്. ‘സമദൂരം’ എപ്പോഴാണ് യു.ഡി.എഫിലേക്കുള്ള ശരിദൂരമായിമാറിയതെന്നതിന്, സുകുമാരൻ നായർ തന്നെയാണ് മറുപടി പറയേണ്ടത്. നായൻ മാരുടെ അട്ടിപ്പേറവകാശമൊന്നും ആ സമുദായം സുകുമാരൻ നായർക്ക് പതിച്ചു നൽകിയിട്ടില്ല. ശബരിമലയും, സർക്കാറിന്റെ നേട്ടങ്ങളും, മുന്നോക്ക സംവരണവും, പൗരത്വ നിയമ ഭേദഗതിയും തുടങ്ങി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വരെ ഈ തിരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാണ്. സുകുമാരൻ നായർ പറയുന്നതിന് മുൻപ് തന്നെ, പ്രതിപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്നതും ശബരിമല വിഷയമാണ്. ഈ വിഷയം പറഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ, എന്തു മറുപടിയാണ് കേരളം അവർക്കു നൽകിയതെന്നതും, ഈ നാട് കണ്ടതാണ്. അക്കാര്യവും, സുകുമാരൻ നായർ ഓർക്കുന്നത് നല്ലതായിരിക്കും. സമുദായ സ്നേഹമല്ല മറിച്ച്, പിണറായി സർക്കാറിനോടുള്ള പകയാണ് ഇവിടെ സുകുമാരൻ നായർ പ്രകടിപ്പിച്ചിരിക്കുന്നത്. പൊട്ടിക്കാൻ ഒരു ‘ബോംബും ‘ കൈവശമില്ലാതിരുന്ന പ്രതിപക്ഷം, ഒടുവിൽ, സുകുമാരൻ നായരുടെ പ്രതികരണത്തെ ‘ബോംബാക്കി’ ചിത്രീകരിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്. ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പ്രതികരണത്തിൽ നിന്നു തന്നെ, യു.ഡി.എഫ് ‘ ‘അജണ്ടയും’ വ്യക്തമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുൾമുനയിൽ നിർത്തിയ, സമുദായ നേതാവാണ് സുകുമാരൻ നായർ. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിച്ചതിനു പിന്നിലും, ഈ നായരുടെ വലിയ ഇടപെടലുണ്ടായിരുന്നു. അന്ന് സുകുമാരൻ നായർ നടത്തിയ പ്രകോപനപരമായ പ്രസംഗം, ഇപ്പോഴും യൂട്യൂബിൽ സജീവവുമാണ്. എന്നാൽ പിന്നീട്, പിണറായി സർക്കാർ അധികാരമേറ്റെടുത്തതോടെ, മാളത്തിൽ ഒളിക്കേണ്ടി വന്ന ഈ സമുദായ നേതാവ്, മാളത്തിൽ നിന്നും പുറത്തു വരാനാണ്, പ്രകോപനപരമായ സാഹചര്യം, ഇപ്പോൾ സൃഷ്ടിക്കാൻ ശ്രമിച്ചിരിക്കുന്നത്.
യു.ഡി.എഫ് സർക്കാറിനെ മുൾ മുനയിൽ നിർത്തി കാര്യം നേടിയ, പഴയ ആ പ്രതാപത്തിലേക്ക് തിരിച്ചു പോകാൻ തന്നെയാണ്, സുകുമാരൻ നായർ ആഗ്രഹിക്കുന്നത്. അതാകട്ടെ, വ്യക്തവുമാണ്.വിശ്വാസത്തെ പോലും വോട്ടാക്കി മാറ്റി വഴിതിരിച്ചു വിടാനാണ് ഇവിടെ ശ്രമം നടന്നിരിക്കുന്നത്. സ്വർണ്ണക്കടത്തും ഈത്തപ്പഴക്കടത്തും ഉൾപ്പെടെ, ഒരു കടത്തും ഏശുന്നില്ലന്ന് കണ്ടാണ് ശബരിമല വിഷയം എൻ.എസ്.എസ് ജനറൽ സെക്രട്ടറി തന്നെ ഏറ്റെടുത്തിരിക്കുന്നത്. ഈ വിഷയം ബി.ജെ.പിയും കോൺഗ്രസ്സും ഏറ്റെടുത്തിട്ടും, ഏശാതിരുന്നതോടെയാണ്, സുകുമാരൻ നായർ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഈ ‘സമുദായ രാഷ്ട്രീയത്തിന് ‘ തക്ക മറുപടി, പ്രബുദ്ധരായ കേരള ജനതയാണ് നൽകേണ്ടത്. അതല്ലങ്കിൽ, സമുദായ നേതാവ് നിയന്ത്രിക്കുന്ന ഭരണമാകും, നമുക്ക് കാണേണ്ടി വരിക. ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും, വോട്ട് ചെയ്യേണ്ടത് അവരുടെ പ്രവർത്തികൾ വിലയിരുത്തിയാവണം. അതല്ലാതെ, സമുദായ നേതാക്കളുടെ താൽപ്പര്യത്തിനു അനുസരിച്ച് വോട്ട് ചെയ്താൽ, അത് ജനാധിപത്യത്തോട് ചെയ്യുന്ന വലിയ തെറ്റായാണ് മാറുക. അത്തരമൊരു തെറ്റ്, കേരളത്തിലെ പ്രബുദ്ധരായ വോട്ടർരുടെ ഭാഗത്തു നിന്നും, ഉണ്ടായിട്ടില്ലെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.