കോട്ടയം: എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാരാണ്. വികസനം ആണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.
ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കൊപ്പം നിന്നത് പോലെ താനും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. ഫലം എന്തായാലും താന്‍ ഈ നാടിന്റെ ഭാഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പള്ളി പളളിയിലെത്തിയും ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലാണ് ചാണ്ടി ഉമ്മനു വോട്ട്.
തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപമുയര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പക്ഷേ സത്യമെന്താണെന്ന് തന്റെ അപ്പ തന്നെ എഴുതി വച്ചിട്ടുണ്ട്. സത്യങ്ങളെല്ലാം സമയമാകുമ്പോള്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ഏഴിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ട്ടിയുടേത് ഉള്‍പ്പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്. 25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങള്‍ക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്.