ഗ്രൂപ്പ് കോളിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, ഡാർക്ക് മോഡ്, പേയ്‌മെന്റ്, ഡിസപ്പിയറിങ് മെസ്സേജുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഈയിടെ വാട്‌സ്ആപ്പിൽ വന്ന മാറ്റങ്ങൾ. ഇതിന്റെ കൂടെ ചില പുത്തൻ ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ വാട്സാപ്പ്. പ്രധാനമായും 3 അപ്‍ഡേയ്റ്റുകളാണ് വാട്‌സ്ആപ്പിൽ പുതുതായി വന്നിരിക്കുന്നത്. ഇതിൽ പ്രധാനമാണ് കസ്റ്റം വാൾപേപ്പർ. ഓരോ ചാറ്റുകൾക്കും പ്രത്യേകം പ്രത്യേകം ബാക്ഗ്രൗണ്ട് ക്രമീകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ പ്രശസ്തമായ ചിത്രങ്ങൾ ചേർന്ന ബാക്ഗ്രൗണ്ട് ഗാലറിയും വാട്സ്ആപ്പിൽ ഒരുക്കിയിട്ടുണ്ട്.
മറ്റൊരു ഫീച്ചർ സ്റ്റിക്കർ സെർച്ചാണ്. ഉപയോക്താക്കൾക്ക് ജിഫ് ചിത്രങ്ങളും ഇമോജികളും മാത്രമാണ് ആപ്പിൽ തിരയാൻ സാധിച്ചിരുന്നത്. സമാനമായ രീതിയിൽ ഇനി ആവശ്യമായ സ്റ്റിക്കറുകളും സെർച്ച് ചെയ്തെടുക്കാം. ആനിമേറ്റഡ് സ്റ്റിക്കർ പാക്ക് ആണ് മറ്റൊരു പുത്തൻ ഫീച്ചർ. ലോകാരോഗ്യ സംഘടനയുടെ ‘ടുഗെദർ അറ്റ് ഹോം’ സ്റ്റിക്കർ പാക്കിലേക്ക് ആനിമേഷൻ കൂടെ ചേർത്താണ് ഈ പാക്ക് തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ ഏറ്റവും പ്രചാരമുള്ള സ്റ്റിക്കർ പായ്ക്കുകളിലൊന്നാണ് ടുഗെദർ അറ്റ് ഹോം എന്നും അത് അനിമേഷന്റെ അകമ്പടിയോടെ എത്തുന്നതോടെ മികവ് വർദ്ധിക്കും എന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു. അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, ടർക്കിഷ് എന്നീ 9 ഭാഷകളിലായി പ്രാദേശിക വാക്കുകൾ ഉൾപ്പെടെ ആനിമേറ്റഡ് സ്റ്റിക്കർ പാക്ക് ലഭ്യമാണ്.
ഡിസപ്പിയറിങ് മെസ്സേജുകളിലൂടെ 7 ദിവസത്തിന് ശേഷം മെസ്സേജ് തനിയെ അപ്രത്യക്ഷമാവും. ഗ്രൂപ്പ് ചാറ്റുകളിൽ, അഡ്മിന് മാത്രമേ ഈ സംവിധാനം ഓൺ ചെയ്യാൻ സാധിക്കൂ. അതിന്റെ മറുപടി സന്ദേശങ്ങൾ അപ്പോഴും ചാറ്റ്ബോക്സിൽ കാണിക്കും.