വാട്‌സ്ആപ്പ് ചാറ്റുകള്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റുകള്‍ തുറന്നു കൊടുക്കണമെന്ന് സര്‍ക്കാര്‍ വാട്‌സ് ആപ്പിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ വിലക്കുള്‍പ്പെടെയുള്ള നിയമ നടപടികളുടെ ഭീഷണി ഉണ്ടെങ്കിലും വാട്‌സ് ആപ്പിലെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് വാട്‌സ് ആപ്പ്.
‘ആറുമാസമായി സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് വാട്‌സ് ആപ്പിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. പീഡോഫീലുകള്‍ വാട്‌സ് ആപ്പില്‍ സുരക്ഷിതരാവുകയാണ്. അവര്‍ പിടിക്കപ്പെടുന്നില്ല. ഇതു തീര്‍ത്തും ഹീനമാണ്. ഐടി മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം വാട്‌സ് ആപ്പിലെ എന്‍ക്രിപ്റ്റഡ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നത് സാധ്യമല്ലെന്ന് വാട്‌സ് ആപ്പ് വക്താവ് കാള്‍ വൂഗ് പറയുന്നു. അതിന് വാട്‌സ് ആപ്പ് മൊത്തത്തില്‍ പൊളിച്ചു പണിയേണ്ടി വരും. അങ്ങനെ വന്നാല്‍ വാട്‌സ് ആപ്പ് മറ്റൊരു ഉത്പ്പന്നമായി മാറും. അതിന് ഒട്ടും സ്വകാര്യത ഉണ്ടായിരിക്കില്ല. വൂഗ് പറഞ്ഞു.
എന്നാല്‍ വാട്‌സ് ആപ്പ് കുട്ടികളോടുള്ള ചൂഷണം അംഗീകരിക്കില്ലെന്നും ഹീനമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന രണ്ടര ലക്ഷത്തിലധികം അക്കൗണ്ടുകള്‍ വാട്‌സ് അപ്പില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടന്നും ഉപഭോക്താക്കള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടന്ന് കണ്ടാല്‍ അവരെ വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ക്രിപ്ഷനില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് ഫേസ്ബുക്കിന്റെ നയം. മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലും എന്‍സ്‌ക്രിപ്ഷന്‍ കൊണ്ടു വരാനും ഫെയ്‌സ്ബുക്കിന് പദ്ധതിയുണ്ട്. എന്റ് ടൂ എന്റ് എന്‍സ്‌ക്രിപ്ഷന്‍ ഉള്ള ചാറ്റുകള്‍ ഫെയ്‌സ്ബുക്കിന് പോലും കാണാന്‍ സാധിക്കില്ല. കാരണം അത്തരം ചാറ്റുകളെ തല്‍സമയം നിരീക്ഷിക്കുക സാധ്യമല്ല.
വാട്‌സ്ആപ്പുകള്‍ വഴി വലിയ രീതിയില്‍ വ്യജ വാര്‍ത്തകളും അഭ്യൂഹങ്ങളും പെരുകുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് കൊലപാതകങ്ങളും സംഘര്‍ഷങ്ങളും രാജ്യത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ക്ക്
കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നുണ്ട്.