വാട്സ്ആപ്പ് തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുമായി രംഗത്ത്. ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കി. അതേസമയം ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി മാസത്തില്‍ 21 എണ്ണത്തില്‍ നടപടി എടുത്തെന്നാണ് വാട്സ്ആപ്പ് പറയുന്നത്.
സംഘര്‍ഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്സ്ആപ്പിന്റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തത്. ജനുവരിയില്‍ ഇത്തരത്തില്‍ വാട്സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകള്‍ വിലക്കിയിരുന്നു.
സംഘര്‍ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാല്‍ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തില്‍ 194 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് അറിയിച്ചു.