വാട്ട്സ്ആപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകള്‍. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതില്‍ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്നുമുള്ള പരാതികള്‍ ലഭിക്കുന്നതിന് മുന്നേ തന്നെ നിരോധിച്ചതായി വാട്ട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്ട്സ്ആപ്പിന് രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഒക്ടോബറില്‍ 71 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ കമ്പനി നിരോധിച്ചിരുന്നു. സെപ്റ്റംബറില്‍ കമ്പനി 75 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു. 2023 ഓഗസ്റ്റില്‍ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഏകദേശം 74 ലക്ഷമായിരുന്നു.

സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകള്‍, വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രചരണം തുടങ്ങിയ കമ്പനിയുടെ നയ ലംഘനങ്ങളെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പരാതികളും അതിനൊപ്പം വാട്‌സ്ആപ്പിന്റെ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് കമ്പനി അക്കൗണ്ടുകള്‍ നിരോധിച്ചത്. നവംബര്‍ മാസം, 841 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും കമ്പനി പറയുന്നു. കമ്പനിയുടെ സേവന നിബന്ധനകള്‍ ലംഘിക്കുന്നുവെന്ന് കരുതുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top