വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്കുള്ള വിലക്ക് യു.എ.ഇയില്‍ പിന്‍വലിച്ചേക്കും

യു.എ.ഇ : വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.

ഇതിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് വോയിസ്, ബ്രോഡ്കാസ്റ്റിങ് കോളുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് നീക്കേണ്ടതുണ്ടെന്ന് നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. താമസിയാതെ വിലക്ക് പിന്‍വലിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏര്‍പെടുത്തിയ നിരോധം പിന്‍വലിക്കുന്നത് സംബന്ധിച്ചും മൈക്രോസോഫ്റ്റ്, ആപ്പിള്‍ കമ്പനികളുമായി യു.എ.ഇ ടെലികോം അതോറിറ്റി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

Top