ന്യൂയോർക്ക്: വാട്ട്സ്ആപ്പ് പതിപ്പിൽ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചറുമായി മെറ്റ. ഡെസ്‌ക്‌ടോപ്പ് വാട്ട്സ്ആപ്പ് പതിപ്പിലാണ് പുതിയ മാറ്റം കൊണ്ടുവരാൻ പോകുന്നത്. നിലവിൽ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് സുരക്ഷാ ഫീച്ചർ ലഭ്യമല്ല. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്‌സസ് നടക്കാൻ ഇടയുണ്ട്. ഇത് പരിഹരിക്കാൻ പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടില്ലാത്ത ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയിൽ പുതിയ ഫീച്ചർ കാണിക്കുന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ഫീച്ചർ ആക്ടിവേറ്റ് ആക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ പിസിയിലോ ലാപ്‌ടോപ്പിലോ ആപ്ലിക്കേഷൻ തുറക്കാൻ ഒരു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാനാകും. ഓരോ തവണയും ഉപയോക്താവ് അവരുടെ പാസ്‌വേഡ് മറക്കുമ്പോൾ, അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ലോഗ്ഔട്ട് ആകും. തുടർന്ന് ലോഗിൻ ചെയ്യണമെങ്കിൽ ക്യുആർ കോഡ് ഉപയോഗിക്കണം.