സുരക്ഷ ഇരട്ടിപ്പിക്കൽ; വാട്ട്‌സ്ആപ്പ് അക്കൗണ്ടിന് ഇരട്ടപ്പൂട്ട് ഉടൻ എത്തിയേക്കും

വാട്ട്‌സ്ആപ്പ് വെബ് ഉപയോഗത്തിനായി ഉടൻ ഡബിൾ വെരിഫിക്കേഷൻ എത്തിയേക്കും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ച് സുരക്ഷ ഇരട്ടിപ്പിക്കുന്നതിനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളിൽ ഉപയോഗിക്കുമ്പോൾ ഇപ്പോൾ ചെയ്യുന്ന സ്‌കാനിംഗിനോ കോഡ് വെരിഫിക്കേഷനോ പുറമേ മറ്റൊരു കോഡ് വെരിഫിക്കേഷൻ കൂടി ആവശ്യപ്പെടാനാണ് വാട്ട്‌സ്ആപ്പ് ആലോചിക്കുന്നത്.

അടുത്ത ഒന്നോ രണ്ടോ അപ്‌ഡേറ്റുകൾക്കകം ഡബിൾ വെരിഫിക്കേഷൻ നിലവിൽ വരുമെന്നാണ് വാട്ട്‌സ്ആപ്പ് ട്രാക്കറായ വാബെറ്റാഇൻഫോ റിപ്പോർട്ട്. വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളിൽ കൂടി ലോഗിൻ ചെയ്യാൻ അധികമായി മറ്റൊരു ആറ് ഡിജിറ്റ് വെരിഫിക്കേഷൻ കൂടിയാണ് ചെയ്യേണ്ടതായി വരിക.

രണ്ട് കോഡ് വെരിഫിക്കേഷനുകൾ വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഇനി വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളിൽ ഉപയോഗിക്കാൻ സാധിക്കൂ. മറ്റൊരു ഡിവൈസിൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുകയാണെന്ന് ഫോണിൽ രണ്ട് തവണ നോട്ടിഫിക്കേഷൻ വരുമെന്ന് ചുരുക്കം.

ഒരിക്കൽ സെന്റ് ചെയ്ത മെസേജുകൾ എഡിറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനം ഉൾപ്പെടെ അടുത്ത അപ്‌ഡേറ്റുകളിൽ എത്തിയേക്കുമെന്നാണ് വാബെറ്റാഇൻഫോയുടെ മറ്റൊരു റിപ്പോർട്ട്. ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാൻ അൺഡൂ ഓപ്ഷനും ഉടൻ എത്തിയേക്കും.

Top